ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

കാലാവധി അവസാനിക്കുന്ന മോട്ടോര്‍ വാഹന രേഖകളുടെയും ലൈസന്‍സിന്റെയും സാധുത ഈ വര്‍ഷം ഡിസംബര്‍ വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍.നേരത്തെ, കാലാവധി കഴിയുന്ന മോട്ടോര്‍ വാഹനരേഖകളുടെയും ലൈസന്‍സിന്റെയും കാലാവധി ഈ വര്‍ഷം സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു. അതാണ് വര്‍ഷാവസാനം വരെ നീട്ടിയത്.നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു.

കോവിഡ് മഹാമാരി കണക്കിലെടുത്താണ് ഡ്രൈവംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള കാലാവധി കഴിയുന്ന മോട്ടോര്‍ വാഹന രേഖകളുടെ സാധുത നീട്ടിയത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ജൂണ്‍ 30 വരെ നീട്ടുമെന്ന് മാര്‍ച്ച് 30ന് പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മോട്ടോര്‍ വാഹന രേഖകളുടെ പരിധിയില്‍ വരുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത – ദേശീയ പാത മന്ത്രാലയം മാര്‍ച്ചില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.