രണ്ടു കൊല്ലം ; നയതന്ത്ര ബാഗേജെത്തിയത് 11 തവണ

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്ര ബാഗേജ് എത്തിയതിന്റെ രേഖകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാക്കി. സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ആണ് രേഖകള്‍ ഹാജരാക്കിയത്. 2016 മുതല്‍ 2018 വരെ 11 തവണ നയതന്ത്ര ബാഗേജ് എത്തിയെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ലോക്ഡൗണ്‍ കാലത്ത് മാത്രം 23 തവണ നയതന്ത്ര ബാഗേജ് എത്തിയയെന്നാണ് കസ്റ്റംസ് രേഖകളില്‍ പറയുന്നത്. പക്ഷേ ഇതൊന്നും യു.എ.ഇ. കോണ്‍സുലേറ്റ് പ്രോട്ടോകോള്‍ ഓഫിസില്‍ അറിയിച്ചിട്ടില്ല.

യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിയ എല്ലാ കത്തിടപാടുകളും ഹാജരാക്കാന്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് എന്‍.ഐ.എ.നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നയതന്ത്ര ബാഗേജ് എത്തിയതായി യു.എ.ഇ. കോണ്‍സുലേറ്റ് അറിയിച്ചിട്ടില്ലെന്നാണ് അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫിസര്‍ ആദ്യ തവണ ഹാജരായപ്പോള്‍ അറിയിച്ചത്. ഇതിനു പിന്നാലെയാണ് നാലു വര്‍ഷത്തെ രേഖകള്‍ ഹാജരാക്കാന്‍ എന്‍.ഐ.എ ആവശ്യപ്പെട്ടത്.

ബാഗേജ് എത്തുമ്പോള്‍ ഫോം 7 ല്‍ പ്രോട്ടോകോള്‍ ഓഫീസറെ അറിയിച്ച് വിട്ടുകിട്ടാന്‍ അനുവാദം വാങ്ങണമെന്നാണ് വ്യവസ്ഥ. പ്രോട്ടോകോള്‍ ഓഫിസറെ അറിയിച്ചിട്ടില്ലെങ്കില്‍, കസ്റ്റംസില്‍ വ്യാജരേഖ ഉപയോഗിച്ചാണോ ബാഗേജ് സ്വീകരിച്ചിരുന്നതെന്നും എന്‍.ഐ.എ. പരിശോധിക്കും. ഏതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വപ്നയെ വഴിവിട്ട് സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതുകൂടാതെ പ്രതി സ്വപ്ന സുരേഷുമായുള്ള പ്രോട്ടോകോള്‍ ഓഫിസിലെ ജീവനക്കാരുടെ ഫോട്ടോകള്‍ക്ക് പിന്നിലെ വാസ്തവവും എന്‍.ഐ.എ ചോദിച്ചറിഞ്ഞു.