ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോല്‍വി ; പാരീസില്‍ കലാപം
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് പാരീസില്‍ കലാപം. ഫ്രഞ്ച് തലസ്ഥാന നഗരം നിലവില്‍ കൊറോണ വൈറസ് റെഡ് സോണ്‍ അയിട്ടും ആരാധകര്‍ പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാര്‍ക്ക് ദേ പ്രിന്‍സിന് പുറത്ത് തടിച്ചുകൂടി. തുടര്‍ന്ന് കലാപകാരിക്കള്‍ പോലീസുമായി എറ്റുമുട്ടി. ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസിന് കണ്ണീര്‍വാതകവും ലാത്തി ചാര്‍ജും പ്രയോഗിക്കേണ്ടി വന്നു.
മത്സര ശേഷമാണ് ആരാധകര്‍ പാരിസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ലബ് പതാകകളും സ്‌കാര്‍ഫുകളുമായി തെരുവിലിറങ്ങിയ ആരാധകര്‍ ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് വാഹനം കത്തിച്ചു. 148 പേരെ അറസ്റ്റ് ചെയ്തുവെന്നും, മാസ്‌ക് ധരിക്കാതിരുന്നതിന് 400 ലധികം പേര്‍ക്ക് പിഴ ചുമത്തിയതായും പാരിസ് പോലീസ് പറഞ്ഞു.