അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വി ഡി സതീശന്‍ എംഎല്‍എ സഭയില്‍ അവതരിപ്പിച്ചു. സ്വര്‍ണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശന്‍ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റില്‍ അന്വേഷണ ഏജന്‍സികള്‍ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും വി ഡി സതീശന്‍ ചോദിച്ചു. കള്ളക്കടത്തുകാര്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മറയാക്കി. പിന്‍വാതിലിലൂടെ സെപ്യ്‌സ് പാര്‍ക്കില്‍ ജോലിക്ക് കയറി. ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കണോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

നടുക്കടലില്‍പെട്ട് ആടി ഉലയുകയാണ് ആ കപ്പലെന്നും മുഖ്യമന്ത്രി ആദരണീയനാണെങ്കിലും ഭരണത്തില്‍ അദ്ദേഹത്തിന് നിയന്ത്രണമില്ലെന്നും മാര്‍ക്ക് ആന്റണിയെ ഉദ്ദരിച്ച് കൊണ്ട് അദ്ദേഹം വിമര്‍ശിച്ചു. കൂടാതെ ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോള്‍ മറുവശത്ത് കസ്റ്റംസ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു.

ലൈഫ് പദ്ധതിയില്‍ എന്താണ് നടക്കുന്നത്? റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മില്‍ ധാരണയുണ്ടാക്കുന്നു. പിന്നെ ഒരു കരാറും ഉണ്ടാക്കിയില്ല. ലൈഫ് മിഷന്‍ കൈക്കൂലി മിഷനാക്കി മാറ്റി. 46 ശതമാനമാണ് ലൈഫ് പദ്ധതിയില്‍ കൈക്കൂലി വാങ്ങിയതെന്നും വി ഡി സതീശന്‍ ആരോപിച്ചു. എല്ലാ നിയമങ്ങളേയും വാട്‌സ്ആപ്പ് വഴി അട്ടിമറിച്ച വിപ്ലവകാരിയാണ് ജലീല്‍. ആക്ഷേപം ഉന്നയിച്ചപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ കൊണ്ടുപോയതാണെന്ന്. തട്ടിപ്പിന് അല്ല ഖുര്‍ആനെ മറയാക്കേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു. ലൈഫ് മിഷനിലെ 20 കോടി പദ്ധതിയില്‍ നാലര കോടിയല്ല 9.25 കോടിയാണ് ക്രമക്കേട് നടത്തിയിരിക്കുന്നതെന്നും പാവങ്ങളുടെ ലൈഫ് മിഷന്‍ പദ്ധതി കൈക്കൂലി മിഷനാക്കി മാറ്റിയെന്നും. 9.25 കോടി എന്നത് കൈക്കൂലി കണക്കില്‍ ദേശീയ റെക്കോര്‍ഡ് ആണെന്നും ആരോപിച്ചു.

മാത്രമല്ല നാലരക്കോടിയ്ക്ക് പുറമെ ബാക്കി അഞ്ച് കോടി നല്‍കിയത് ബെവ്ക്യൂ ആപ്പിലെ സഖാവിന് ആണെന്നും ഇയാള്‍ക്ക് ലൈഫ് മിഷന്‍ കമ്മീഷനുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്നും വിഡി സതീശന്‍ ആരോപിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജോസ്.കെ മാണി വിഭാഗം അറിയിച്ചു. അവിശ്വാസ പ്രമേയത്തെ ബി.ജെ.പി പിന്തുണച്ചിട്ടുണ്ട്. സ്പീക്കര്‍ക്കെതിരായ പ്രമേയവും അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.