ഇത് ഒരു മാതൃകയാക്കണം: നിരീക്ഷണത്തില്‍ ഉള്ളവരെ ഒറ്റപെടുത്തരുത്

എടത്വ: നിരീക്ഷണത്തില്‍ കഴിയുന്നവരെ പരമാവധി ഒറ്റപ്പെടുത്താനും പറ്റുമെങ്കില്‍ പോലീസ് സ്റ്റേഷനിലും ആരോഗ്യ വകുപ്പിലും വിളിച്ച് പറഞ്ഞ് പരമാവധി ദ്രോഹം ചെയ്യുന്ന പ്രവണതയാണ് പലയിടത്തും കണ്ടു വരുന്നത്.സമൂഹമാധ്യമങ്ങളിലൂടെ പ്രവാസികള്‍ തങ്ങളുടെ വേദനയും പങ്കുവെയ്ക്കാറുണ്ട്.

എന്നാല്‍ തലവടി പഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ സ്ഥിതി നേരെ മറിച്ചാണ്.സൗഹൃദ നഗറില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുന്നത് സൗഹൃദ വേദിയാണ്. ഗേറ്റിന്റെ അരികില്‍ വെച്ചിരിക്കുന്ന പാത്രത്തിലേക്ക് അവശ്യമായ കുടിവെള്ളം നിറച്ച് നല്കുകയാണ് ഇവര്‍ ചെയ്യുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുളയുടെ നേതൃത്വത്തില്‍ ഉള്ള സൗഹൃദ വേദിയാണ് പ്രളയത്തിന് ശേഷം കുടിവെള്ളം ഇപ്പോള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. പ്രളയത്തില്‍ കിണറുകളില്‍ മലിനജലം കയറിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമം ആണ് പ്രദേശവാസികള്‍ അനുഭവിക്കുന്നത്.വീടുകളില്‍ 20 ലീറ്റര്‍ ജലം അടങ്ങിയ ജാറുകള്‍ ആണ് നല്കുന്നത്.

എടത്വാ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം മുതല്‍ കണ്ടെയ്ന്‍മെന്റ് സോണിലും സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ കുടിവെള്ളം വിതരണം ചെയ്യുവാന്‍ തുടങ്ങി.വെള്ളപൊക്കത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് കിണറുകളില്‍ മലിനജലം കയറിയതിനെ തുടര്‍ന്ന് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്.

ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതിനാല്‍ സ്വകാര്യ കമ്പിനികളുടെ കുടിവെള്ള വിതരണ വാഹനങ്ങള്‍ എത്താത്തതിനാലാണ് അടിയന്തിരമായി കുടിവെള്ളം വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് സൗഹൃദ വേദി ചീഫ് കോര്‍ഡിനേറ്റര്‍ സിബി സാം തോട്ടത്തില്‍, ചാരിറ്റി കണ്‍വീനര്‍ ഷാജി ആലുവിള ,വിന്‍സന്‍ പൊയ്യാലുമാലില്‍, സുരേഷ് പരുത്തിക്കല്‍ എന്നിവര്‍ അറിയിച്ചു.