തീപിടുത്തം ; സെക്രട്ടേറിയറ്റിനു മുന്‍പില്‍ നാടകീയ രംഗങ്ങള്‍ ; മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ ശ്രമം
തീപിടുത്തം ഉണ്ടായ സെക്രട്ടേറിയറ്റിനു മുന്നില്‍ നാടകീയ രംഗങ്ങള്‍. തീപിടിത്തത്തിനു പിന്നാലെ സംഭ സ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കണമെന്ന് നിര്‍ദ്ദേശിച്ച് ചീഫ് സെക്രട്ടറി നേരിട്ടെത്തിയതും നാടകീയ സംഭവങ്ങള്‍ക്ക് വഴിവച്ചു.
തീ പിടിത്തത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിഷേധിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തു നീക്കിയത്. ഇതിനു പിന്നാലെയാണ് മാധ്യമങ്ങളോട് സംസാരിച്ചതിനു പിന്നാലെ സംസ്ഥാന അധ്യക്ഷ കെ. സുരേന്ദ്രനെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.
ഇതിനു പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ വി.എസ് ശിവകുമാര്‍ എം.എല്‍.എയെയും സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചില്ല. രേഖകള്‍ നശിപ്പിക്കാന്‍ വേണ്ടി തീപിടിത്തം മനപൂര്‍വം സൃഷ്ടിച്ചതാണെന്ന് വി.എസ് ശിവകുമാര്‍ ആരോപിച്ചു. സ്ഥലം എം.എല്‍.എയെ സംഭവ സ്ഥലത്തേക്ക് കയറ്റി വിടാത്തത് ഗുരതര സാഹചര്യമാണെന്നും വി.എസ് ശിവകുമാര്‍ പറഞ്ഞു. എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, വി.ടി. ബല്‍റാം എന്നിവരുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ് ഇപ്പോള്‍.
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകള്‍ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
”എല്ലാ വിവരങ്ങളും പൊതുഭരണ വകുപ്പിലാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകള്‍, പൊളിറ്റിക്കല്‍ ക്ലിയറന്‍സുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവിടെയാണ്. അവിടെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്. തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കതിനെതിരെ പ്രതിപക്ഷം പോരാടും” ചെന്നിത്തല പറഞ്ഞു. അതേസമയം തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള എം.എല്‍.എമാരെ പ്രവേശിപ്പിച്ചു. ചെന്നിത്തലയ്ക്ക് പുറമെ വി.എസ് ശിവകുമാര്‍, വി.ടി ബല്‍റാം എന്നിവരെയാണ് കടത്തിവിട്ടത്.