പെരിയ ഇരട്ടക്കൊലപാതക കേസ് സര്‍ക്കാരിന് തിരിച്ചടി ; സിബിഐക്ക് വിട്ട് ഹൈക്കോടതി

വിവാദമായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി. കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് സി. ടി രവികുമാര്‍ എന്നിവരുടേതാണ് ഉത്തരവ്. വാദം പൂര്‍ത്തിയാക്കി ഒമ്പത് മാസത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം കുറ്റമറ്റതാണ് എന്നായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ കേസ് മറ്റൊരു ബഞ്ചിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് അപ്പീലില്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബഞ്ച് വിധി പറഞ്ഞത്. വിധി വരാതെ അന്വേഷണം തുടരാനാകില്ലെന്ന് സിബിഐയും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ 2019 സെപ്തംബര്‍ 30 നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് അന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്. സിംഗിള്‍ ബെഞ്ച് നിര്‍ദേശപ്രകാരം സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ചിന്റെ നടപടികളെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ 2019 ഒക്ടോബര്‍ 26 ന് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായി ഒമ്പതു മാസം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. ഇതോടെ കേസന്വേഷണം തുടരാനാകുന്നില്ലന്ന് സിബിഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് 2019 നവംബര്‍ 16 നാണ് അപ്പീല്‍ വിധി പറയാന്‍ മാറ്റിയത്.

2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്‌ലാലിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40ഓടെ കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്‌ലാല്‍ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാംപ്രതി. സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവര്‍ റിമാന്‍ഡിലാണ്. കേസ് നടത്താന്‍ ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചെലവാക്കിയത്.