മഞ്ഞുരുകുന്ന മലകള്‍
നെറ്റിയില്‍ കളഭക്കുറി തൊടുവിച്ചപ്പോള്‍ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കുവാന്‍ തോന്നിയില്ല. സാക്ഷാല്‍ മഹാലക്ഷ്മിയെപ്പോലെ അഴകുള്ള ഒരു മലയാളിപ്പെണ്കുട്ടി ഉടുത്തൊരുങ്ങി, ചമയങ്ങളിഞ്ഞ് നെറ്റിയില്‍ ചന്ദനവും തൊട്ട് അതിഥികളെ സ്വീകരിക്കാന്‍ പ്രധാന കവാടത്തില്‍ കളഭപ്പാത്രവുമായി നില്ക്കുന്ന അവളെ രണ്ടുവട്ടമെങ്കിലും നോക്കാത്തവര്‍ ഉണ്ടാകില്ല.
മലയാളി സംഘടനയുടെ തിരുവോണാഘോഷം. വളരെയേറെ മലയാളികള്‍ ഒത്തുകൂടുന്ന ഒരു സായാഹ്നമായിരുന്നു അന്ന്. മലയാളി മങ്കമാര്‍, പലവര്‍ണ്ണങ്ങളിലും, രൂപത്തിലും ഉള്ള സെറ്റുംമുണ്ടും, നേര്യതുമുടുത്ത്, നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നില്ക്കുന്നതും, അതിലെയും ഇതിലെയും, ആവശ്യത്തിനും, അനാവശ്യത്തിനും ഓടിനടന്ന് പുരുഷകേസരികളുടെ ആകര്ഷണബിന്ദുക്കളായി മാറുന്നതും കണ്ടു. പുരുഷന്മാര് ജുബ്ബയും മുണ്ടും ഉടുത്ത് സുന്ദരന്മാരായി, സുന്ദരിമാരെ നോക്കി അയവിറക്കുന്നതും കാണാമായിരുന്നു.
നെറ്റിയിലെ ചന്ദനക്കുറി തുടച്ചുമാറ്റി ഒരിക്കല്‍ക്കൂടി അവളുടെ അടുത്തുചെന്ന് കുറിതൊടുവിച്ചാലോ എന്നും തോന്നി. വേണ്ട, അത് രണ്ടാം തരം ആയിപ്പോകും അവള് തന്നെ തിരിച്ചറിഞ്ഞാലോ… ആ ശ്രമം വേണ്ടന്നുവച്ചു.
തിരുവോണത്തിന്റെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. മഹാബലി ഉടുത്തൊരുങ്ങി രാജകീയ പ്രൗഡിയില്‍ മുമ്പിലും പിന്ബിലും പ്രജകളും, മങ്കമാര്‍ താലത്തില്‍ പൂക്കളുമേന്തി അകമ്പടിയായിവരുന്നത് കാണാന്‍ നല്ല ഭംഗിയായിരുന്നു. അപ്പോഴും തന്റെ കണ്ണുകള്‍ അവളെ തേടുകയായിരുന്നു. അതാ അവള് ഘോഷയാത്രയുടെ നടുവിലായി നിലവിളക്കുമായി മന്ദം മന്ദം നടന്നുവരുന്നു. രാജാരവിവര്‍മ്മ ചിത്രത്തിലെപ്പോലെ നിലവിളക്കിലെ തിരിനാളത്തില്‍ നിന്നുള്ള പ്രകാശം അവളുടെ സുന്ദരവദനത്തില്‍ പ്രതിബിംബിച്ചു നില്ക്കുന്നു. എന്തൊരു ഭംഗിയായിരുന്നു ആ കാഴ്ച. രവിവര്മ്മപോലും അത്ഭുതപ്പെട്ടു നിന്നുപോകും.
എങ്ങനെയെങ്കിലും അവളെ ഒന്നു പരിചയപ്പെടണമെന്നുണ്ടായിരുന്നു. പക്ഷെ ആള്‍കൂട്ടത്തില്‍ അിനുള്ള സാധ്യത കുറവായിരുന്നു. അഥവാ അതിന് ഒരുമ്പെട്ടാല്‍ കൂടെയുള്ളവര്‍ എന്തുവിചാരിക്കും. സ്റ്റേജില്‍ നടക്കുന്ന മനോഹരമായ പരിപാടികള്‍ കാണുന്നതിലും, ഇഷ്ടമായി തോന്നിയത് അവളെ കണ്ണിമവെട്ടാതെ നോക്കിയിരിക്കാനായിരുന്നു. ഇടയ്ക്ക് ഹാളിന്റെ വശത്തുകൂടി നടന്നുനീങ്ങുമ്പോള്‍ ആ നടത്തത്തിനും ഒരു ചന്ദമുണ്ടായിരുന്നു. നടരാജവിരാജിത മന്ദഗതി ഇരയിമ്മന്‍ തമ്പിയെ സ്തുതിക്കുന്ന ഈ ഈരടികള്‍ക്ക് കൂട്ടുകാര്‍ കാണാതെ അവളെത്തന്നെ നോക്കിയിരിക്കാന്‍ എന്തു രസമായിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആള്‍രൂപം മനസ്സില്‍ നിന്നും മായുന്നില്ലായിരുന്നു. ഒന്നുകൂടി കാണാന്‍ എന്താ ഒരു പോംവഴിയെന്ന് പലപ്പോഴായി ആലോചിച്ചു. അങ്ങനെ ഭാഗ്യം തന്നെ തേടിയെത്തി. സംഘടനയുടെ ഓണസദ്യയില്‍ അവളെ വീണ്ടും കണ്ടുമുട്ടി. ഇത്തവണ പരിചയപ്പെട്ടിട്ടു തന്നെ കാര്യം. സദ്യവിളമ്പാനുള്ള ഇലകള്‍ തുടക്കുന്ന തിരക്കിലായിരുന്നു അവള്. അല്പം പരുങ്ങലോടെ അടുത്തുചെന്ന് ഞാനും സഹായിക്കട്ടെ എന്നുചോദിച്ചു. അവള് മുഖത്തേക്കൊന്നു നോക്കി അടുത്തുകിടന്ന ടവല്‍ എടുത്തുതന്നു. അല്പനേരം ജോലിയില്‍ വാപൃതനായി നിന്നു. എങ്കിലും അവളുടെ സംസാരവും, ആംഗ്യചലനവും വീക്ഷിച്ചുകൊണ്ടിരുന്നു. ഇനിയും അവളെ പരിചയപ്പെട്ടില്ലെങ്കില്‍ ജോലിയും കഴിഞ്ഞ് അവള് അവളുടെ പാട്ടിനുപോകും. പിന്നെ അവസരം കിട്ടിയെന്നു വരില്ല. നമ്മള് പരിചയപ്പെട്ടില്ല. എന്റെ പേര് ഡേവിസ്. ഇവിടത്തെ ഡോണ്‍ ബോസ്കോ സെമിനാരിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഇത്രയും പറഞ്ഞുതീര്‍ത്തപ്പോള്‍ ഒരു ആശ്വാസം തോന്നി.
അച്ചന് കുഞ്ഞാണല്ലേ…ആ കളമൊഴി അവളുടെ സൗന്ദര്യംപോലെ അത്ര സുന്ദരമല്ലായിരുന്നെങ്കിലും ആ മുഖഭാവം, ആ നുണക്കുഴിക്കവിള്‍ തന്നെ വല്ലാതെ ആകര്‍ഷിച്ചു. നാട്, വീട്, ജോലി യൂറോപ്പിലെ ജീവിതം അങ്ങനെ ഒരുപാട് കാര്യങ്ങള്‍ പരസ്പരം പങ്കുവച്ചു. എന്തോ കൂടുതല്‍ അടുത്തതുപോലെ ഒരു തോന്നലുണ്ടായി. ഓണസദ്യ കഴിഞ്ഞ് പിരിയുമ്പോള്‍ ഒരിക്കല്‍ക്കൂടി അവളെ കണ്ട് ഫോണ്‍ നമ്പറും വാങ്ങി.
പാവം അച്ചന്‍കുഞ്ഞിനു ഉറക്കമില്ല, വിശപ്പില്ല. എന്നാല്‍ അസുഖമൊട്ടില്ലതാനും. മോനെ മനസ്സില്‍ ലഡു പൊട്ടി എവിടെയോ ആരോ പറയുന്നതുപോലെ തോന്നി. അവളുടെ രൂപം മനസ്സില്‍ നിന്നും മായുന്നില്ല. സെമിനാരി പഠനത്തിനും അതിനുംശേഷം ഉപരിപഠനത്തിനും ആയി യൂറോപ്പിലേക്ക് അയച്ചിട്ട് ഒരു പെണ്ണിന്റെ പുറകെ നടക്കുകയാണോ നീ..പ്രിയോര്‍ അച്ചന് സാക്ഷാല്‍ കര്‍ത്താവിന്റെ രൂപത്തില്‍ അരപ്പട്ടയഴിച്ച് കലിതുള്ളി നില്ക്കുന്നതായി സ്വപ്നം കണ്ടു.
ഈ സമയം അവളും വിചാരിക്കുന്നുണ്ടാകില്ലെ എന്തിനാടാ ചക്കരെ നീ അച്ചന് പട്ടത്തിനുപോേയത്. എവിടെയോ കേട്ട ഡയലോഗ് ഓര്‍മ്മവന്നു.
വാട്സാപ്പിലൂടെ നിരന്തരം ചാറ്റിംഗ്, മെസേജ് അയക്കല്‍, ഫോട്ടോസ് കയ്മാറല് എന്നിങ്ങനെ എല്ലാം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ കൂടുതല്‍ കൂടുതല്‍ അടുത്തു പരസ്പരം കാണാതിരിക്കാന്‍ പറ്റാത്തവിധം.
അച്ചന്‍കുഞ്ഞിനു വൈദികപഠനം തുടര്‍ന്നുകൊണ്ടുപോകാന്‍ താല്‍പ്പര്യം ഇല്ല. പ്രിയോര്‍ അച്ചന് കത്ത് കയ്മാറി സെമിനാരിയില്‍ നിന്നും ഇറങ്ങി. 3 വര്‍ഷത്തെ സ്റ്റുഡന്റ്സ് വിസ ഉണ്ടായിരുന്നതുകൊണ്ട് എന്തെങ്കിലും പഠിച്ച് ജോലി നേടാം എന്നുറപ്പുണ്ടായിരുന്നു.
കാരിത്താസില്‍ രണ്ടുവര്‍ഷത്തെ അസിസ്റ്റന്റ് നേഴ്സിംഗ് കോഴ്സിന് ചേര്‍ന്ന് പഠനം തുടങ്ങി. താമസം ഒരു പരിചയക്കാരന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയിക്കൂടി. ഇതിനിടയ്ക്ക് ഒരു പാര്‍ട്ട് ടൈം ജോലിയും സംഘടിപ്പിച്ചു. പിന്നെ ഒഴിവുസമയങ്ങളില്‍ മറ്റെന്തെങ്കിലും ജോലിക്കും പോകും. അങ്ങനെ അല്ലലില്ലാതെ പഠനവും താമസവും, ഭക്ഷണവും നടന്നു. ഡെല്ലയുമായുള്ള കൂട്ടുകെട്ടല്ലാതെ വേറെ കൂടുതല്‍ ആരുമായും ബന്ധപ്പെട്ടിരുന്നില്ല.
സെമിനാരിയില്‍ നിന്നും വിട്ടതുകൊണ്ട് മറ്റുള്ളവരുടെ മുഖത്തു നോക്കാന്‍ അല്പം ജാള്യതയുണ്ടായിരുന്നു. പലരുടെയും കളിയാക്കല്‍ സഹിക്കുവാന്‍ പറ്റുന്നതിലും അധികമായിരുന്നു. കോഴ്സ് കംപ്ലീറ്റ് ചെയ്തു. കാരിത്താസിന്റെ തന്നെ ആശുപത്രിയില്‍ ജോലിയും കിട്ടി. ആയിടക്കാണ് ഡെല്ലക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റം കിട്ടിയത്. അവള്‍ക്ക് അവിടെ താമസിക്കാന്‍ ഹോസ്റ്റലും കിട്ടി.
വിവാഹത്തിന് മുന്‍പ് ചെറുക്കനും പെണ്ണും ഒരുമിച്ച് താമസിക്കാന്‍ പാടില്ലെന്നാണല്ലോ നാട്ടുനടപ്പ്. യൂറോപ്പിലെ രീതിയനുസരിച്ച് ഒരുമിച്ച് താമസിക്കുവാന്‍ തീരുമാനിച്ചു. മല്ലൂസിന്റെ ഇടയില്‍ അടക്കം പറച്ചില് ഉണ്ടായെങ്കിലും ഒന്നും കണ്ടില്ലെന്നു നടിച്ചു.
ജീവിതം ആസ്വദിച്ചുതന്നെ മുന്നോട്ടു നീങ്ങി. ഒഴിവു ദിവസങ്ങളില്‍ ഉല്ലാസയാത്ര, സിനിമ, കൊള്ളാവുന്ന ഹോട്ടലില്‍ നിന്നും ഇഷ്ടപ്പെട്ട ഭക്ഷണം എല്ലാം മതിമറന്ന് ആസ്വദിച്ചു. നാട്ടില്‍വച്ച് വിവാഹം നടത്തുവാന്‍ തീരുമാനിച്ചു. നാട്ടില്‍ എല്ലാവര്ക്കും സമ്മതമായതുകൊണ്ട് കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു.
ദിവസങ്ങള്‍ മാസങ്ങള്‍ അങ്ങനെ ഒരു വര്‍ഷം കഴിഞ്ഞു. ഒരു പൊന്നോമന മകളെ ഓമനിക്കുവാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായി. ലാളിച്ചും, ഓമനിച്ചും, കൊഞ്ചിച്ചും കൊണ്ടുനടന്നപ്പോള്‍ മോള് വലുതായതറിഞ്ഞില്ല. ലെന ഒരു യുവതിയായി മാറിക്കഴിഞ്ഞു. സ്കൂള്‍ പഠനം കഴിഞ്ഞു. ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു അവളുടെ ആഗ്രഹം. അവളുടെ കൂട്ടുകാര്‍ മിക്കവരും അവിടെ വിവിധ കോഴ്സുകളില്‍ ചേര്‍ന്നു പഠിക്കുന്നുണ്ടായിരുന്നു. ഫീസും മറ്റ് ചിലവുകള്‍ക്കായി ലോണ്‍ എടുത്താല്‍ ജോലി ചെയ്ത് കടം വീട്ടിയാല്‍ മതിയെന്ന ആശ്വാസം ഉണ്ടായിരുന്നു.
പെണ്‍കുട്ടിയാണ് അവളെ കൊഞ്ചിച്ചും അവള് പറയുന്നതെല്ലാം സാധിച്ചുകൊടുത്തും അവളെ വഷളാക്കുന്നത് പപ്പയാണ്. അവള്‍ക്ക് ഇംഗ്ലണ്ടില്‍ പോയി പഠിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ രാജ്യത്ത് ഉന്നതവിദ്യാഭ്യാസം നടത്തുവാന്‍ ധാരാളം സൗകര്യങ്ങളുണ്ട്. എന്നിട്ടും ഇംഗ്ലണ്ടില്‍ തന്നെപോയി പഠിക്കണം. അതിനുവേണ്ട ചിലവിനെപ്പറ്റി അവള്‍ക്ക് എന്തെങ്കിലും ചിന്തയുണ്ടോ. എല്ലാത്തിനും സമ്മതം മൂളാനായി പപ്പയുണ്ട്. ഞാനിവിടെ ആരാ എന്റെ വാക്കിന് ഒരു വിലയുമില്ല. ഭാരിച്ച ചിലവ് എടുക്കാനുള്ള സാമ്പത്തികം ഇല്ലെന്നറിയാം എന്നാലും മോളുടെ താളത്തിനൊത്ത് തുള്ളും. ഇത് എവിടെച്ചെന്ന് അവസാനിക്കുമോ ആവോ?
മകളെചൊല്ലി പിണക്കങ്ങളും ഇണക്കങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. എന്തായാലും അവള് ആഗ്രഹിച്ചതുപോലെ ഇംഗ്ലണ്ടില്‍ പഠനം തുടങ്ങുവാന്‍ സാധിച്ചു. രണ്ടുപേര്‍ക്കും കിട്ടുന്ന ശമ്പളം അത്യാവശ്യ കാര്യങ്ങള്‍ നടത്തുവാന്‍പോലും തികയാതെയായി. വരുമാനത്തില്‍ നല്ലയൊരു പങ്ക് മോളുടെ പഠനത്തിനായി ചിലവാക്കേണ്ടി വന്നു. വെക്കേഷനില്ല, നാട്ടില്‍ പോക്കില്ല. ആ പഴയ വീട്ടില്‍ തന്നെ താമസം. സ്വന്തമായി ഒരു വാഹനം പോലുമില്ല. ഡെല്ല പറയുന്നതിലും കാര്യമുണ്ടെന്നു ഡേവിസ് മനസ്സിലാക്കുവാന്‍ തുടങ്ങി. ഇനി മനസ്സിലാക്കിയിട്ടെന്തു കാര്യം എല്ലാം തുടങ്ങിവച്ചില്ലെ.
കോളേജില്‍ വെക്കേഷനായപ്പോള് അവള് വീട്ടിലെത്തി. അവള് ആകെ മാറിയിരിക്കുന്നു. വസ്ത്രധാരണവും സംസാരവും പെരുമാറ്റവും വ്യത്യസ്ഥമായിരുന്നു. അവളൊരു ഇംഗ്ലീഷ് മദാമ്മയായി മാറിക്കഴിഞ്ഞു. മോളുടെ പെട്ടെന്നുള്ള മാറ്റത്തില്‍ ഡെല്ല കലിപൂണ്ടു. എല്ലാത്തിനും ഡേവിസിനോടായിരുന്നു ഡെല്ലക്ക് ദേഷ്യം. മോളെ വഷളാക്കിയതിന്. എല്ലാത്തിനും കൂടുതല്‍ അവളെ ഈ കോലത്തിലാക്കിയതിന്.
മനസ്സിന്റെ വിങ്ങലുകളും തേങ്ങലുകളും കാര്‍മേഘംപോലെ മനസ്സിനെ മൂടിക്കളഞ്ഞു. വെക്കേഷന് കഴിഞ്ഞ് ലെന തിരിച്ചുപോയി. സാധാരണ ഡെല്ല അവള്‍ക്ക് പലഹാരങ്ങള്‍, അച്ചാര്‍, മീന്പൊടിച്ചു വറത്തത് എന്നിങ്ങനെ ഒരുപാട് ഭക്ഷണസാധനങ്ങള്‍ പായ്ക്ക് ചെയ്ത് കൊടുക്കുമായിരുന്നു. ഇപ്രാവശ്യം അതുണ്ടായില്ല. അത്രമാത്രം ഡെല്ലയ്ക്ക് മോളോട് ദേഷ്യം ഉണ്ടായിരുന്നു.
വീട്ടില്‍ എപ്പോഴും ശൂന്യത. ജോലി കഴിഞ്ഞുവന്നാല്‍ പരസ്പരമുള്ള സംസാരങ്ങള്‍ ഇല്ലാതെയായി. എന്തെങ്കിലും പാചകം ചെയ്താലായി. അല്ലെങ്കില്‍ ഒന്നും കഴിക്കില്ല. സ്വന്തം വീട്ടില്‍ പ്രശ്നങ്ങള്‍ ആരെങ്കിലുമായി പങ്കുവയ്ക്കുവാന്‍ പറ്റാത്ത അവസ്ഥയിലായി. മനസ്സ് നീറിപ്പുകയുകയായിരുന്നു.
അന്ന് പതിവില്ലാത്തതുപോലെ ക്ഷീണമായതുകൊണ്ട് ജോലികഴിഞ്ഞ് വന്നപാടെ ഡേവിസ് സോഫയിലിരുന്ന് മയങ്ങിപ്പോയി. ഫോണില്‍ മെസ്സേജ് വന്ന ശബ്ദം നോക്കിയപ്പോള്‍ അത് ലെനയുടെ മെസ്സേജ് ആയിരുന്നു. കുറെക്കാലമായി അവള് വിളിക്കാറുമില്ല എഴുതാറുമില്ല. ഇനി എന്തിനാ ഞങ്ങളെ എന്ന് വിചാരിച്ചു കാണും. പഠനം കഴിഞ്ഞ് ജോലിയുമായി സ്വന്തം കാലില്‍ നില്ക്കാമെന്നായി. ഞങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായിരിക്കും മെസ്സേജ് അയച്ചത്.
ഒരുമിച്ച് ജോലിചെയ്യുന്ന ഒരാളുമായി ഞാന്‍ രണ്ടുവര്‍ഷമായി അടുപ്പത്തിലാണ് ഞങ്ങള്‍ പരസ്പരം മനസ്സിലാക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്തമാസം ഒന്നാം തീയതി ഞങ്ങളുടെ രജിസ്റ്റര്‍ വിവാഹമാണ്. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ലെനയുടെ സന്ദേശം അതായിരുന്നു.
മകളുടെ വിവാഹം വാട്സാപ്പിലൂടെ അറിയുന്ന മാതാപിതാക്കള്‍. കാലം മാറിയതോ അതോ അങ്ങനെ ആക്കിയതോ. കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്ന സമയത്തുപോലും മകളുടെ വിവാഹത്തിന് മാതാപിതാക്കളെ ഒഴിവാക്കില്ല. ആകെ തകര്‍ന്നുപോയി ഡേവിസ്. വിധിയെ പഴിക്കാനാകില്ലല്ലോ. ഈ വിവരം ഡെല്ലയോട് എങ്ങനെ പറയും. എല്ലാം തന്റെ തെറ്റായിരുന്നു. മകള്‍ക്ക് അമിത സ്വാതന്ത്ര്യവും കൊടുത്തു. നല്ല ഭാവിയുണ്ടാകട്ടെ എന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍. പരസ്പരം വഴക്കു കൂടുമ്പോേഴും മകളെക്കുറിച്ച് ചിന്തിക്കുവാന്‍ അവസരമൊരുക്കിയില്ല.
തിരിച്ച് ഒരു മെസ്സേജ് അയക്കുവാന്‍ എത്ര ചിന്തിച്ചിട്ടും മനസ്സിനെ പാകപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. ആരാണ് ചെറുക്കന്. എവിടുത്തുകാരനാണ് ഏതു മതക്കാരനാണ്? ഒന്നും അറിയില്ല.
രണ്ടുദിവസങ്ങള്‍ക്കുശേഷം വീണ്ടും ഒരു മെസ്സേജ് വന്നു. പപ്പ മമ്മിയോട് കാര്യങ്ങള്‍ പറയണം. വില്യം ഇംഗ്ലീഷ് പൗരത്വമുള്ള സൗത്ത് ആഫ്രിക്കനാണ്. തെറ്റിധരിക്കേണ്ട കറുമ്പനല്ല. അവര്‍ പാരമ്പര്യമായി ക്രിസ്തുമതം സ്വീകരിച്ചവരാണ്. ഇവിടുത്തെ പള്ളിയിലെ കൊയര്‍ മാസ്റ്ററാണ്. ഇക്കാര്യം മമ്മി സമ്മതിക്കില്ല എന്നറിയാം. മമ്മിക്ക് ഞാന്‍ നാട്ടില്‍ നിന്നും ഒരുത്തനെ കെട്ടണമെന്നായിരുന്നല്ലോ ആഗ്രഹം അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. പപ്പക്ക് എന്നെ മനസ്സിലാകും എന്റെ ഈ തെറ്റിന് ക്ഷമ ചോദിക്കുന്നു. ഇക്കാര്യങ്ങള്‍ ഡെല്ലയോട് നേരിട്ട് പറഞ്ഞാല്‍ അവള് പൊട്ടിത്തെറിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. എങ്ങനെ കാര്യം അവതരിപ്പിക്കും അതായി ചിന്ത. പരസ്പരം സംസാരമില്ലാത്തതുകൊണ്ട് കാര്യം അവതരിപ്പിക്കാനും പറ്റില്ല.
അങ്ങനെ ലെനയുടെ മെസ്സേജ് ഡെല്ലയുടെ ഫോണിലേക്ക് ഫോര്‍വേഡ് ചെയ്ത് കാര്യം സാധിച്ചു. ഒന്നും അരിയാത്തതുപോലെ പോയ് കിടന്നു. കരച്ചിലോ, ബഹളമോ എന്തൊക്കെയോ നിലത്തു വീണ് പൊട്ടിത്തെറിക്കുന്നു. ആകം ബഹളമയം. മോളെ ലാളിച്ച് വളര്‍ത്തിയതിന്റെ ഫലം കിട്ടിയില്ലെ. അനുഭവിച്ചോ. എല്ലാത്തിനും കാരണക്കാരന്‍ നിങ്ങള്‍ തന്നെ. ഞാനിനി ഇവിടെ നില്ക്കുന്നില്ല നിങ്ങളായി നിങ്ങളുടെ പാടായി. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. സാന്ത്വനപ്പെടുത്തുവാനോ ന്യായീകരിക്കാനോ തുനിഞ്ഞില്ല.
ഇന്ന് ലെനയുടെ വിവാഹമാണ്. രാവിലെ പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്ത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഹതഭാഗ്യരായ മാതാപിതാക്കള്‍. മക്കള്‍ക്ക് ജന്മം നല്കി ഒരുപാട് പ്രതീക്ഷയോടെ വളര്‍ത്തി വലുതാക്കി അവര്‍ക്കുവേണ്ട എല്ലാ കാര്യങ്ങളും പരിധിക്കപ്പുറം നിന്നുകൊണ്ടു തന്നെ സാധിച്ചുകൊടുത്തു. ഇപ്പോള്‍ എല്ലാം മറന്ന് ഒരുത്തന്റെ കൂടെ പൊറുതിയായി. എന്താണ് രക്തബന്ധത്തിന്റെ വില. എല്ലാം പ്രഹസനം മാത്രം. നമുക്ക് നമ്മള് മാത്രം അതും തനിക്ക് അന്യമായി.
വീട്ടിലെത്തിയപ്പോള്‍ പതിവില്ലാത്തതുപോലെ മേശപ്പുറത്ത് ഒരു കത്ത് ഇരിക്കുന്നു. അത് ഡെല്ലയുടെ കത്തായിരുന്നു. ഇങ്ങനെ ഒരു കത്തെഴുതിവെച്ച് അവള് എവിടെപ്പോയി എങ്കിലും കത്ത് തുറന്നു വായിച്ചു.
ഞാന്‍ ഇന്നു തന്നെ സിറ്റ്സര്ലണ്ടിലേക്ക് പോവുകയാണ്. അടുത്ത ആഴ്ച അവിടുത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കണം. നിങ്ങള്‍ക്കും മകള്‍ക്കും ഞാന്‍ ആരുമല്ലാതായപ്പോള് എടുത്ത തീരുമാനമാണ് ഇനി എനിക്ക് എന്റെ വഴി മാത്രം.
ചുരുക്കിയ വാക്കുകളില്‍ കാര്യം അവതരിപ്പിച്ചു. കാര്യങ്ങള്‍ അത്രത്തോളമായി. എല്ലാത്തിനും തെറ്റുകാരന്‍ താന്‍ മാത്രം. മകള്‍ ഇഷ്ടപ്പെട്ടവന്റെ കൂടെപ്പോയി. ഭാര്യ തന്നെയും വിട്ട് അന്യ രാജ്യത്തുപോയി. സമനില തെറ്റിയ ഡേവിസ് ഒരു ഭ്രാന്തനെപ്പോലെയായി. ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യസേവയും തുടങ്ങി. അധികം കൂട്ടുകാരില്ലാത്തതിനാല്‍ വാര്‍ത്ത കൂടുതല്‍ വിപുലമായില്ല. എങ്കിലും ചില സംസാരങ്ങള്‍ ചില കൂട്ടായ്മകളില്‍ അവതരിപ്പിക്കപ്പെട്ടു. ആകാംഷാഭരിതനായ മല്ലൂസ് കാര്യങ്ങള്‍ വിശദമായി അറിയാന്‍ പരക്കം പാഞ്ഞു. ചില കൂട്ടര് നാട്ടിലെ മീഡിയക്കാരെപ്പോലെ കിട്ടിയ വിവരങ്ങള്‍ ചൂടപ്പം പോലെ പ്രസിദ്ധീകരിച്ച് കെട്ടിപൊക്കി റേറ്റ് കൂട്ടാന്‍ കിണഞ്ഞു ശ്രമിച്ച മല്ലൂസിന്റെ മെസ്സേജുകള്‍ തുരുതുരാ വാട്സാപ്പിലൂടെ ഷെയറിംഗും തുടങ്ങി.
പുറംലോകത്തെ വാര്‍ത്തകള്‍ ഒന്നും അറിയാതെ ഡേവിസ് മദ്യലഹരിയാല്‍ മയങ്ങി ദിവസങ്ങള്‍ നീങ്ങി.
രാവിലെ മുതല്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് അയല്പക്കത്തെ അമ്മച്ചി അകത്തു കടന്നു നോക്കി. ശര്‍ദ്ദിച്ച് അവശനായി നിലത്തുകിടക്കുന്ന ഡേവിസിനെയാണ് അവര്‍ കണ്ടത്. മുറിയാകെ മദ്യത്തിന്റെയും ചര്‍ദ്ദിയുടെയും ദുര്‍ഗന്ധമായിരുന്നു. മഹാമനസ്കയായ ആ അമ്മച്ചി ഉടനെ ആംബിലന്‍സ് വിളിച്ച് ഡേവിസിനെ ആശുപത്രിയില്‍ എത്തിച്ചു. ബോധമറ്റ ശരീരവുമായി ഐ.സി.യുവില്‍ പ്രവേശിക്കപ്പെട്ടു. മൂന്നു നാലുദിവസങ്ങള്‍ക്കുശേഷം മുറിയിലേക്ക് മാറ്റി. ലെനയ്ക്ക് മെസ്സേജ് കിട്ടയതനുസരിച്ച് ഓവള്‍ ഓടിയെത്തി പപ്പയുടെ കാല്ക്കല് തൊട്ട് അവള് മാപ്പു പറഞ്ഞു.
ഞാന്‍ കാരണമാണല്ലോ ഇതെല്ലാം സംഭവിച്ചത്. പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് താന്‍ പാപ്പയോട് ചെയ്തത്. പപ്പയുടെ കൂടെ ഞാനുണ്ടാകും അവളുടെ കുറ്റബോധം ഡേവിസിനെ തട്ടിയുണര്‍ത്തി.
ഡേവിഡിന് സാധാരണരീതിയില്‍ ഭക്ഷണം കഴിക്കുവാനോ എഴുന്നേറ്റ് നടക്കുവാനോ സാധിക്കുമായിരുന്നില്ല. മകളുടെ സാമീപ്യം ഡേവിസിന്റെ ആരോഗ്യത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തി. വൈകുന്നേരമായപ്പോള്‍ ലെന വീട്ടിലേക്ക് പോയി. ഡേവിസ് അത്താഴം കഴിഞ്ഞ് മയങ്ങിക്കിടന്നു. കാലില്‍ ആരോ കെട്ടിപ്പിടിക്കുന്നതുപോലെ തോന്നി. എല്ലാം സ്വപ്നമായി കരുതി. ഒരു ഏന്തല് കേട്ട് നോക്കിയപ്പോള്‍ ആരോ തന്റെ കാല്പ്പാദങ്ങളില് മുറുകെപ്പിടിച്ച് മുഖം താഴ്ത്തിയിരിക്കുന്നു.
പതിയെ സ്വരത്തില്‍ ഡേവിസ് ആരാണെന്ന് ചോദിച്ചു. സാവധാനം തലയുയര്‍ത്തി ഡേവിസിനു നേരെ തിരിഞ്ഞു പൊട്ടിക്കരയുകയായിരുന്നു ഡെല്ല. അവളുടെ കണ്ണുനീര്‍കൊണ്ട് ഡേവിസിന്റെ പാദങ്ങള്‍ നനഞ്ഞിരുന്നു പാപഭാരം കഴുകിക്കളഞ്ഞതുപോലെ.
ഒരു വലിയ മഞ്ഞുമല ഉരുകിയൊലിച്ച് നദിയില്‍ ലയിച്ചു. അത് മന്ദം മന്ദമായി ശാന്തമായി തുടര്‍ന്ന് ഒഴുകി.
(പോള്‍ മാളിയേക്കല്‍)