മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പുനരധിവാസ നടപടികള്‍ ആവശ്യപെട്ട് കേന്ദ്രസര്‍ക്കാരിന് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ പുനരധിവാസ നടപടികള്‍ ആവശ്യപെട്ട് കേന്ദ്ര സര്‍ക്കാരിന് പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു. കോവിഡിനെ തുടര്‍ന്നു നിരവധി പ്രവാസികളാണ് ദിനം പ്രതി രാജ്യത്തേക്കു മടങ്ങി വരുന്നത് എന്നും ഇതില്‍ നല്ല ശതമാനം ആളുകളും ജോലി നഷ്ടപ്പെട്ടുവരുന്നവരാണ് എന്നും ആയതിനാല്‍ സ്വന്തം നാട്ടില്‍ ജീവിതം കരുപിടിപ്പിക്കാന്‍ ആവശ്യമായ പുനരധിവാസ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

ഇതു വരെ പത്ത് ലക്ഷത്തിലധികം ആളുകള്‍ രാജ്യത്തേക്ക് മടങ്ങി എത്തി എന്നാണ് കണക്ക്. വന്ദേഭാരത്മിഷന്റെ അഞ്ചാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും എണ്ണം വളരെയധികം വര്‍ധിക്കും എന്നാണ് കരുതപ്പെടുന്നത്. പല സംസ്ഥാനങ്ങളും പ്രവാസികള്‍ക്കായി ചില ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്എങ്കിലുംകേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ വ്യപസ്ഥാപിതമായ പുനരധിവാസ പാക്കേജാണ്ഏറ്റവും ഉത്തമമായ നടപടി എന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നാട്ടിലേക്കു മടങ്ങി വരുന്നവര്‍ക്ക് സാമ്പത്തീക സഹായമുള്‍പ്പെടെ ആവശ്യപ്പെടുന്ന നിവേദനത്തില്‍ സംരംഭങ്ങള്‍ തുടങ്ങുവാനാഗ്രഹിക്കുന്നവര്‍ക്കു ഏകജാലക ക്ലീയറന്‍സ് ഉള്‍പ്പെടെയുള്ള സമഗ്രമായ ആവശ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് സമര്‍പ്പിച്ച നിവേദനം.

ലോക്ക് ഡൗണിനെ തുടര്‍ന്നു പ്രവാസികള്‍ക്ക് നാട്ടിലേക്കു വരാന്‍ സാധിക്കാതെ വന്നപ്പോള്‍ ഈ ആവശ്യം ഉന്നയിച്ചു സുപ്രീം കോടതിയില്‍നിന്നും അനുകൂല ഉത്തരവ് നേടിയതുള്‍പ്പെടെ എട്ടു പൊതു താല്‍പര്യ ഹര്‍ജികളാണ് പ്രവാസി ലീഗല്‍ സെല്‍ കോവിഡു കാലത്തു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതും, പ്രവാസികള്‍ക്ക് വേണ്ടി വിവിധ വിഷയങ്ങളില്‍ നിയമപരമായ ഇടപെടലുകള്‍ നടത്തി കൊണ്ടിരിക്കുന്നതും.

ഈ വിഷയത്തില്‍ പരമാവധി എം.പി മാരുടെ ശുപാര്‍ശ കത്തുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുവാനാണ് പ്രവാസി ലീഗല്‍സെല്‍ തീരുമാനമെന്ന് പ്രവാസി ലീഗല്‍സെല്‍ കുവൈറ്റ് കണ്‍ട്രി ഹെഡ് ബാബു ഫ്രാന്‍സീസും ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫനും അറിയിച്ചു.