തീപിടിത്തത്തിന് കാരണം വാള്‍ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണത് ‘ ; ചീഫ് എന്‍ജിനീയറുടെ കണ്ടെത്തല്‍
വാള്‍ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കര്‍ട്ടനിലും ഷെല്‍ഫിലും വീണതാണ് സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ ഓഫീസിലുണ്ടായ തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തല്‍. തീപിടിത്തം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പങ്കുവച്ച മന്ത്രി ജി. സുധാകരന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയതാണ് ഇത്. പ്രഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചെന്നും മന്ത്രി പറയുന്നു.
”ഇന്ന് രാവിലെ 11 മണിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഓഗസ്റ്റ് 24, 25 തീയതികളില്‍ കോവിഡ് മാനദണ്ഡപ്രകാരം അണു വിമുക്തമാക്കി അടച്ചിട്ട മുറിയിലെ വാള്‍ ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കര്‍ട്ടനിലും ഷെല്‍ഫിലും വീണതാണ് അപകട കാരണം എന്ന് സൂചിപ്പിക്കുന്നു. ഈ പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്.’- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സംഭവം നടന്ന ഉടന്‍ തന്നെ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രാഥമിക നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെന്നും മന്ത്രി പറയുന്നു. ഈ സമയം താന്‍ സെക്രട്ടേറിയറ്റിലെ ഓഫീസിലുണ്ടായിരുന്നു. അറിഞ്ഞയുടന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍, ചീഫ് ഇലക്ട്രിക് എന്‍ജിനീയര്‍ എന്നിവര്‍ക്കൊപ്പം സംഭവ സ്ഥലം സന്ദര്‍ശിക്കുകയും അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തുകയും ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.