സ്വര്‍ണ്ണക്കടത്ത് ; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് എന്‍ ഐ എ

സ്വര്‍ണ്ണക്കടത്ത് കേസില്‍ ബുധനാഴ്ച നാലു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ജിഫ്‌സല്‍, മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശികളായ അബൂബക്കര്‍ , അബ്ദുള്‍ ഹമീദ് പി.എം എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണക്കടത്തിന് പണം നല്‍കുക, കടത്തിയ സ്വര്‍ണ്ണം വിറ്റഴിക്കുക തുടങ്ങിയവയാണ് ഇവരുടെ പേരിലുള്ള കുറ്റം. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍.ഐ.എ.റെയ്ഡ് നടത്തി. ഇന്ന് അറസ്റ്റിലായ അബുബക്കറുടെ ഉടമസ്ഥതയിലുള്ള മലബാര്‍ ജ്വല്ലറി, അബ്ദുള്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള അമീന്‍ ജ്വല്ലറി, ഷംസുദീന്റെ ഉടമസ്ഥതയിലുള്ള അംബി ജ്വല്ലറി എന്നിവിടങ്ങളിലും എന്‍.ഐ.എ. റെയ്ഡ് നടത്തി. നിരവധി രേഖകളും ഡിജിറ്റല്‍ തെളിവുകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് 24 പ്രതികളെ എന്‍.ഐ.എ.അറസ്റ്റ് ചെയ്തു.

ഈ മാസം 14 ന് നാല് പ്രതികളെ എന്‍.ഐ.എ.അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശികളായ മുഹമ്മദ് അന്‍വര്‍ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, കോഴിക്കോട് സ്വദേശി സംജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കസ്റ്റംസ് നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലപ്പുറത്തും കോഴിക്കോടും പ്രതികളുടെ വീട് ഉള്‍പ്പടെ 6 സ്ഥലത്ത് എന്‍.ഐ.എ.റെയ്ഡ് നടത്തി ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു.
നേരത്തെ അറസ്റ്റ് ചെയ്ത എ.എം.ജലാല്‍, മുഹമ്മദ് ഷാഫി, സെയ്ദ് അലവി, അബ്ദു പി.ടി.എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അന്‍വര്‍ ടി.എം, ഹംസദ് അബ്ദു സലാം, ഹംജദ് അലി, സംജു എന്നിവരെ അറസ്റ്റ് ചെയ്തത്.

ഇവരാണ് രാജ്യത്തേക്ക് സ്വര്‍ണ്ണം കടത്താന്‍ പണം നല്‍കിയതെന്ന് എന്‍.ഐ.എ. വെളിപ്പെടുത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. ഇപ്പോള്‍ വിദേശത്ത് കഴിയുന്ന ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഐ.എ. ഡിപ്ലോമാറ്റിക് ബാഗേജ് വഴി 21 തവണ ഇവര്‍ സ്വര്‍ണം കടത്തിയെന്നാണ് എന്‍.ഐ.എ.യുടെ നിഗമനം. അവസാന രണ്ട് തവണ മാത്രമാണ് ഫൈസല്‍ ഫരിദ് സ്വന്തം മേല്‍വിലാസത്തില്‍ നിന്ന് സ്വര്‍ണ്ണം അയച്ചത്. ഇവര്‍ അറസ്റ്റിലാകുന്നതോടെ സ്വര്‍ണ്ണക്കടത്തിലെ തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.