ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ അശ്ലീല സിനിമാ പ്രദര്‍ശനം ; മൂന്നു പേര് അറസ്റ്റില്‍
ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ അശ്ലീല സിനിമാ പ്രദര്‍ശനം നടത്തിയതിന് മധ്യപ്രദേശില്‍ മൂന്നു പേര് അറസ്റ്റില്‍. 22 രാജ്യങ്ങളില്‍ ചിത്രീകരിച്ച അശ്ലീല സിനിമകളാണ് ഒ.ടി.ടി പ്ലാറ്റ് ഫോമില്‍ ഇവര്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഗ്വാളിയാര്‍ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ദീപക് സൈനി (30), മൊറീന സ്വദേശി കേശവ് സിംഗ് (27) എന്നിവരെ ഇന്‍ഡോര്‍ പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് അറസ്റ്റുചെയ്തത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ഓഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ക്കെതിരേ 2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 66, 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ സൈനിയും സിങ്ങും അശ്ലീല ഉള്ളടക്കമുള്ള ഒരു സിനിമയ്ക്കു വേണ്ടി വിതരണക്കാര്‍ക്ക് 5 ലക്ഷം രൂപ വരെ നല്‍കാറുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അശ്ലീല ഉള്ളടക്കത്തിന്റെ ദൈര്‍ഘ്യം അനുസരിച്ചാണ് പ്രേക്ഷകരില്‍ നിന്നും പണം ഈടാക്കിയിരുന്നത്. അടിസ്ഥാന സബ്സ്ക്രിപ്ഷന് നിരക്കായി പ്രതിമാസം 249 രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്. ഒരു വര്‍ഷത്തിനിടെ ഇവര്‍ 84 സിനിമകകളാണ് റിലീസ് ചെയ്തതെന്നും സൈബര്‍ സെല്ലിലെ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇന്‍ഡോറിലെ ഒരു മോഡല്‍ ജൂലൈ 25 ന് പരാതി നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഒ.ടി.ടി പ്ലാറ്റ്ഫോമിലെ ഒരു വെബ് സീരീസിനു വേണ്ടി താനുമായി മുന്നു പേര് കരാറില്‍ ഏര്‍പ്പെട്ടെന്നും ഒരു ഫാം ഹൗസില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പിന്നീട് അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്തെന്നുമായിരുന്നു പരാതി. വെബ് സീരിസില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ സ്ത്രീകളെ ആകര്‍ഷിച്ചിരുന്നത്. അതിനു ശേഷം ഇവരെ ഉപയോഗിച്ച് അശ്ലീല സിനിമകള്‍ ചിത്രീകരിക്കും. ഇവ പിന്നീട് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശ്ലീല സിനിമകളുടെ വിതരണക്കാരായ അശോക് സിംഗ്, വിജയാനന്ദ് പാണ്ഡെ എന്നിവര്‍ക്ക് വില്‍ക്കുകയായിരുന്നു ഇവരുടെ രീതിയെന്നും സൈബര്‍ സെല്‍ എസ്.പി പറഞ്ഞു.