പണവും തട്ടി കാമുകി ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയതിനു യുവാവ് പകവീട്ടിയത് ഇങ്ങനെ

തന്നെ പറ്റിച്ചു പണവുമായി ഓട്ടോക്കാരനൊപ്പം ഒളിച്ചോടിയ കാമുകിയോട് പകവീട്ടാനായി ഓട്ടോക്കാരുടെ മൊബൈലുകള്‍ മാത്രം മോഷ്ടിച്ച് യുവാവിന്റെ വാര്‍ത്ത വൈറല്‍. പൂനെ പൊലീസാണ് വിചിത്രമായ ഒരു മോഷണക്കേസിന്റെ ചുരുളഴിച്ചത്. സംഭവത്തില്‍ അഹമ്മദാബാദ് സ്വദേശിയായ ഭുരാഭായി ആരിഫ് ഷെയ്ഖ് (ആസിഫ്) എന്ന 36 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാമ്പത്തിക നേട്ടത്തിനായി ആയിരുന്നില്ല പ്രതികാരം മാത്രം മനസില്‍ വച്ചായിരുന്നു ഇയാളുടെ മോഷണമെന്നാണ് പൊലീസ് പറയുന്നത്.

അഹമ്മദാബാദില്‍ സ്വന്തമായി ഒരു ഒരു റെസ്റ്ററന്റ് നടത്തിവരികയായിരുന്നു ആസിഫ്. ഇതിനിടെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായി. വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതോടെ ഹോട്ടല്‍ വിറ്റ പണവുമായി കാമുകിക്കൊപ്പം ഒളിച്ചോടി പൂനെയിലെത്തി. പുതിയ ജീവിതവും പുതിയ ബിസിനസ് സംരഭവുമൊക്കെ സ്വപ്‌നം കണ്ടായിരുന്നു ഒളിച്ചോട്ടം. എന്നാല്‍ ഇവിടെയെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇയാളുടെ പക്കലുണ്ടായിരുന്ന മുഴുവന്‍ സമ്പാദ്യങ്ങളുമായി 27കാരിയായ കാമുകി നാട്ടിലേക്ക് തന്നെ മടങ്ങി. ഇവരെ തിരക്കി ആസിഫ് നാട്ടിലെത്തിയപ്പോഴേക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവറുമായി യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു.

ഹൃദയം തകര്‍ന്ന ആസിഫ് പൂനെയിലേക്ക് തന്നെ മടങ്ങി ചെറുജോലികള്‍ ചെയ്ത് ജീവിതം മുന്നോട്ട് നീക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എങ്കിലും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരോടുള്ള വെറുപ്പ് ഇയാള്‍ ഉള്ളില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് ഇവരുടെ ഫോണുകള്‍ മോഷ്ടിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. പൂനെ കാത്‌റജ്-കൊന്ദ്വ ക്യാപ് പ്രദേശത്തെ വിവിധ ഓട്ടോക്കാരില്‍ നിന്നായി എഴുപതോളം സ്മാര്‍ട്ട് ഫോണുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ഓട്ടോയില്‍ കയറിയ ശേഷം ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിച്ചാണ് മോഷണം നടത്തി വന്നിരുന്നത്. ഇത്തരത്തില്‍ മോഷണം നടത്തുമ്പോള്‍ മനസിന് ഒരു ആശ്വാസം ലഭിക്കാറുണ്ടെന്നാണ് ആസിഫ് പൊലീസിന് നല്‍കിയ മൊഴി. ‘ഇവരുടെ കൂട്ടത്തിലൊരാളാണ് തന്റെ ഹൃദയം തകര്‍ത്തതും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതും. അതുകൊണ്ട് ഇങ്ങനെ പകവീട്ടി ആശ്വാസം കണ്ടെത്തുന്നു എന്നായിരുന്നു മൊഴി.

എഴുപത് ഫോണുകള്‍ ഇതുവരെ മോഷ്ടിച്ചിട്ടുണ്ടെന്ന് ആസിഫ് സമ്മതിച്ചു. ഇതില്‍ 12 എണ്ണം മാത്രമാണ് പൊലീസിന് തിരികെ പിടിക്കാനായത്. അറസ്റ്റ് ചെയ്ത പ്രതിയെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മോഷണത്തിന് പിന്നിലെ ലക്ഷ്യം കേട്ട് അമ്പരന്ന് പോയെന്നാണ് പൊലീസ് സംഘം പറയുന്നത്. പക്ഷെ മോഷ്ടിച്ച ഫോണുകള്‍ ഇയാള്‍ എന്തുചെയ്തുവെന്ന് വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമെ അറിയാന്‍ കഴിയു എന്നും ഇവര്‍ വ്യക്തമാക്കി.