ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പില്‍ ഇന്ത്യന്‍ താരത്തിന് കോവിഡ്
ഐപിഎല്‍ മത്സരത്തിനായി ദുബായിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമില്‍ അംഗമായ ഇന്ത്യന്‍ ദേശീയതാരത്തിനാണ് രോഗം കണ്ടെത്തിയത്. ഇതുകൂടാതെ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ 12 സ്റ്റാഫിനും രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെന്നൈ ടീമിലുള്ള ഇന്ത്യന്‍ പേസര്‍ക്കാണ് രോഗമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഓഗസ്റ്റ് 21 ന് ദുബായില്‍ വന്നിരുന്നു. നിര്‍ബന്ധിത ആറ് ദിവസത്തെ ക്വറന്റീനുശേഷം പരിശീലനവും ആരംഭിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സിഎസ്‌കെയില്‍ നിന്നോ ബിസിസിഐയില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
യുഎഇ ആതിഥേയത്വം വഹിക്കുന്ന ഐ.പി.എല്‍ ടൂര്‍ണമെന്റിനായി ടീമുകളെത്തിയതോടെ കോവിഡ് പരിശോധന അടക്കമുള്ള ആരോഗ്യസുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയിരുന്നു. കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനുമടക്കം 20,000 കോവിഡ് പരിശോധനകളായിരിക്കും നടത്തുക. ഇൌ പരിശോധനയിലാണ് ചെന്നൈ ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മല്‍സരക്രമത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് ഐ.പി.എല്‍ അധികൃതര്‍ അറിയിച്ചു. അബുദാബി, ഷാര്‍ജ, ദുബായ് എന്നീ മൂന്നു വേദികളിലായിട്ടാണ് ഐപിഎല്‍ മല്‍സരങ്ങള്‍ നടക്കുന്നത്. 53 ദിവസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റില്‍ 60 മല്‍സരങ്ങളുണ്ട്.
അടുത്തിടെ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ഒരു വലംകൈയ്യന്‍ മീഡിയം ഫാസ്റ്റ് ബൌളര്‍ക്കും കുറച്ച് സ്റ്റാഫ് അംഗങ്ങള്‍ക്കും കോവിഡ് -19 സ്ഥിരീകരിച്ചു” മുതിര്‍ന്ന ഐപിഎല്‍ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. ”ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം സിഎസ്‌കെ മാനേജ്മെന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളും ഭാര്യയും അവരുടെ സോഷ്യല്‍ മീഡിയ ടീമിലെ രണ്ട് അംഗങ്ങളും രോഗബാധിതരാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.