എതിര്‍ക്കുന്നവര്‍ക്ക് എതിരെ പ്രതികാര നടപടിയുമായി പി.എസ്.സി

പി.എസ്.സി. നിയമനം, പരീക്ഷാ കേന്ദ്രം എന്നിവ സംബന്ധിച്ച് പരസ്യമായി പ്രതികരിച്ച വിദ്യാര്‍ഥികള്‍ക്ക് എതിരെ പ്രതികാര നടപടിയുമായി വകുപ്പ്. സമൂഹമാധ്യമങ്ങളില്‍ പി.എസ്.സിക്കെതിരെ പ്രചാരണം നടത്തിയെന്ന പേരില്‍ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെയാണ് മൂന്ന് വര്‍ഷത്തേക്ക് പരീക്ഷയില്‍ നിന്ന് വിലക്കിയത്.

കാസര്‍കോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് നിയമനം ഇഴയുന്നത് സംബന്ധിച്ച പ്രതികരിച്ച ഉദ്യോഗാര്‍ഥികളെ നിയമനങ്ങളില്‍ നിന്ന് വിലക്കാനാണ് തീരുമാനം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 68 ഒഴിവുകളും പ്രമോഷന്‍, ലീവ് വേക്കന്‍സികള്‍ സംബന്ധിച്ച് വിവരാവകാശ പ്രകാരം ലഭിച്ച വിവരങ്ങളും ഇവര്‍ മാധ്യമങ്ങളോട് പങ്കുവെച്ചതാണ് പി.എസ്.സിയെ പ്രകോപിപ്പിച്ചത്.

എന്നാല്‍ പി.എസ്.സി നടപടി ചട്ടപ്രകാരമാണെന്നാണ് അധികൃതരുടെ വിശദീകരണം. കാസര്‍ഗോഡ് ജില്ലയിലെ 38 ഒഴിവുകള്‍ നികത്തുന്നത് സുപ്രീം കോടതി ഉത്തരവുപ്രകാരമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് അറിഞ്ഞിട്ടും പി.എസ്.സിക്കെതിരെ ഉദ്യോഗാര്‍ഥികള്‍ വ്യാജപ്രചരണം നടത്തുന്നുവെന്നാണ് പി.എസ്.സിയുടെ വാദം. ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ പി.എസ്.സി ഇന്റേറണല്‍ വിജിലന്‍സ് വിഭാഗത്തിന് ചുമതലയും നല്‍കി.

ഉദ്യോഗാര്‍ഥികള്‍ക്കെതിരെയുള്ള നടപടിയില്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പി.എസ്.സിയുടെ വിശദീകരണം. കോഴിക്കോട് സ്വദേശി എം.ജെ.ഹാരിസ്, തിരുവനന്തപുരം സ്വദേശി ഹെവിന്‍ ഡി.ദാസ് എന്നിവര്‍ക്കാണ് മൂന്നു വര്‍ഷത്തേക്ക് പരിക്ഷാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉദ്യോഗാര്‍ഥികളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമമാണെന്ന ആരോപണവുമായി പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തി.