സുന്ദരി നാരായണന് ട്രംപ് അമേരിക്കന്‍ പൗരത്വം നല്‍കി

പി പി ചെറിയാന്‍

ന്യുയോര്‍ക്ക്: ലീഗല്‍ ഇമ്മിഗ്രേഷനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഡവലപ്പര്‍ സുന്ദരി നാരായണന് അമേരിക്കന്‍ പൗരത്വം നല്‍കി ആദരിച്ചു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ആരംഭിച്ച ആഗസ്റ്റ് 25നാണ് ഈ പ്രത്യേക ചടങ്ങിനു വൈറ്റ് ഹൗസ് സാക്ഷ്യം വഹിച്ചത്.

പ്രഗത്ഭയായ സോഫ്റ്റ് വെയര്‍ ഡെവലപ്പറാണെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് അമേരിക്കന്‍ ഫാമിലിയിലേക്ക് സുന്ദരിയെ സ്വാഗതം ചെയ്തത്.

കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സുന്ദരിയും ഭര്‍ത്താവും രണ്ടു കുട്ടികളും അമേരിക്കയില്‍ കഴിയുന്ന അവര്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ എനിക്ക് അഭിമാനമുണ്ട് ട്രംപ് പറഞ്ഞു.

ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി (ആക്ടിംഗ്) ചാഡ് വുള്‍ഫാണ് ഇവര്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തത്.

നിങ്ങള്‍ ഇവിടെയുള്ള നിയമങ്ങള്‍ പിന്തുടര്‍ന്നു, നിയമങ്ങള്‍ അംഗീകരിച്ചു, അമേരിക്കയുടെ ചരിത്രം പഠിച്ചു, അമേരിക്കന്‍ മൂല്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി, ഇങ്ങനെ ശരിയായ രീതിയില്‍ അമേരിക്കയിലെത്തുന്ന ആരേയും രാഷ്ട്രമോ, നിറമോ നോക്കാതെ പൗരത്വം നല്‍കുന്നതില്‍ യാതൊരു തടസ്സവുമില്ല. എന്നാല്‍ നിയമവിരുദ്ധമായി അമേരിക്കയിലെത്തുന്നവരെ അംഗീകരിക്കണമെന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നയം രാജ്യത്തിനു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പൗരത്വം ലഭിച്ചതില്‍ സുന്ദരിയും കുടുംബവും ആഹ്ലാദത്തിലാണ്.