അനില്‍ നമ്പ്യാരുമായി അടുത്ത ബന്ധം ; സ്വപ്നയുടെ മൊഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. യുഎഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ സഹായം ചോദിച്ച് സമീപിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്പ്യാരുമായി ഉള്ളതെന്ന് സ്വപ്ന പറയുന്നു.

അനില്‍ നമ്പ്യാര്‍ക്കെതിരെ ദുബൈയിലുള്ള വഞ്ചനാ കേസ് തീര്‍ക്കാനും താന്‍ ഇടപെട്ടെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. വഞ്ചനാ കേസ് കോണ്‍സുലേറ്റ് ജനറലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് താനാണെന്നും കേസ് കോണ്‍സുലേറ്റ് ജനറല്‍ ഒത്തുതീര്‍പ്പാക്കിയെന്നും സ്വപ്ന മൊഴി നല്‍കി.

അഞ്ചര മണിക്കൂറാണ് ഇന്നലെ കസ്റ്റംസ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇനിയും അനില്‍ നമ്പ്യാരെ ചോദ്യംചെയ്യുമെന്നാണ് കസ്റ്റംസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേ ദിവസം ഉച്ചയ്ക്ക് സ്വപ്നാ സുരേഷും അനില്‍ നമ്പ്യാരും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ട്. സ്വപ്നയും അനില്‍ നമ്പ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ചോദ്യംചെയ്യല്‍.

സ്വപ്നയുടെ മൊഴി :

‘അനില്‍ നമ്പ്യാര്‍ക്ക് യുഎഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. അതിനാല്‍ യുഎഇ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് നമ്പ്യാര്‍ ഭയന്നിരുന്നു. ആ കാലയളവില്‍ ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിമുഖത്തിനായി ദുബായിലേക്ക് പോകാന്‍ അനില്‍ നമ്പ്യാര്‍ ആഗ്രഹിച്ചിരുന്നു. യാത്രാനുമതി ലഭിക്കാന്‍ മാര്‍ഗം തേടി സരിത്തിനെ (സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി) അനില്‍ നമ്പ്യാര്‍ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് തന്നെ അനില്‍ നമ്പ്യാര്‍ വിളിച്ചു. കോണ്‍സലേറ്റ് ജനറല്‍ വഴി യാത്രാനുമതി ശരിയാക്കി നല്‍കി. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.

2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്പ്യാര്‍ തന്നെ വിളിച്ചു. അവിടെ വെച്ച് ഒരുമിച്ച് മദ്യവും കഴിച്ചു. അന്ന് യുഎഇയിലെ നിക്ഷേപങ്ങളെക്കുറിച്ച് നമ്പ്യാര്‍ തന്നോട് അന്വേഷിച്ചു. ബിജെപിക്കു വേണ്ടി യുഎഇ കോണ്‍സുലേറ്റിന്റെ സഹായങ്ങളും അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ കടയുടെ (തിരുവനന്തപുരത്തെ ടൈല്‍ കട) ഉദ്ഘാടനത്തിന് യുഎഇ കോണ്‍സല്‍ ജനറലിനെ കൊണ്ടുവരാന്‍ കഴിയുമോ എന്നും ആരാഞ്ഞു, താന്‍ അത് ഏറ്റു.

അതിന് ശേഷം ഈ സ്ഥാപനത്തിന്റെ ഉദ്ഘാടത്തിന് വീണ്ടും തമ്മില്‍ കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോണ്‍സല്‍ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താന്‍ കോണ്‍സല്‍ ജനറലിന്റെ ശ്രദ്ധയില്‍ പെടുത്തി. മാക്ബുക്ക് സമ്മാനമായി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നല്‍കുകയും ചെയ്തു.