പാറ്റ, പല്ലി , ബിസ്‌ക്കറ്റ് കവര്‍, ബീഡിക്കുറ്റി, വിവാദമൊഴിയാതെ ഓണക്കിറ്റിലെ ശര്‍ക്കര
പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഓണക്കിറ്റിനെ ചുറ്റിപറ്റിയുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും നിരോധിച്ച പുകയില ഉത്പന്നവും ചത്ത് ഉണങ്ങിയ തവളയുമൊക്കെ കണ്ടെത്തിയിരുന്നു. കൂടാതെ ബീഡികുറ്റിയും ബിസ്‌ക്കറ്റ് കവറുമൊക്കെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍.
കുരുവട്ടൂര്‍ പോലൂര്‍ തെക്കെമാരാത്ത് ശ്രീഹരിയില്‍ രാധാകൃഷ്ണന്‍ മാരാര്‍ക്ക് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും കണ്ടെത്തിയത് ചത്ത പാറ്റയെ. നീലക്കാര്‍ഡ് ഗുണഭോക്താവായ രാധാകൃഷ്ണന്‍ മാരാര്‍ക്ക് പോലൂര്‍ കുഴമുള്ളയില്‍ താഴം റേഷന്‍ കടയില്‍ നിന്നാണ് ഓണക്കിറ്റ് ലഭിച്ചത്. പേരക്കുട്ടിയ്ക്ക് ഭക്ഷണമുണ്ടാക്കാനായി ശര്‍ക്കരയെടുത്തപ്പോഴാണ് പാറ്റയുടെ ഭാഗങ്ങള്‍ ശര്‍ക്കരയില്‍ ഒട്ടിക്കിടക്കുന്നതായി കണ്ടെത്തിയത്.
ശ്രീ സന്‍ജാരോ ഗൂള്‍ ഉദ്യോഗ് എന്ന നിര്‍മ്മാണ കമ്പനിയുടേതാണ് ശര്‍ക്കര. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ പി സുബിന്‍, പി ജിതിന്‍രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ശര്‍ക്കരയുടെ സാമ്പിളുകള്‍ എടുത്തു.അതുപോലെ നരയംകുളത്തെ റേഷന്‍കടയില്‍ നിന്നും വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നുമാണ് ഇന്നലെ ചത്ത തവളയെ കിട്ടിയത്. കോഴിക്കോട് നടുവണ്ണൂരിലെ സൗത്ത് 148- ാ0 റേഷന്‍ കടയില്‍ വിതരണ0 ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നും നിരോധിത പുകയില ഉത്പന്ന0 കണ്ടെത്തിയിരുന്നു. സര്‍ക്കാരിന്റെ ഓണക്കിറ്റിലെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു.