ഖുറാന്‍ കത്തിച്ചു ; സ്വീഡനില്‍ കലാപം
വലതുപക്ഷ തീവ്രവാദികള്‍ വിശുദ്ധ ഖുറാന്‍ പരസ്യമായി കത്തിച്ചത് ; സ്വീഡനില്‍ കലാപത്തിനു കാരണമായി. മുന്നൂറോളം പ്രതിഷേധക്കാര്‍ ചേര്‍ന്ന് പോലീസിനു നേരെ സാധനങ്ങള്‍ വലിച്ചെറിയുകയും കാര്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തതായി പോലീസ് വക്താവ് അറിയിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ ഹാര്‍ഡ് ലൈനിന്റെ നേതാവ് റാസ്മസ് പലുദന് മാല്‍മോയില്‍ ഒരു യോഗം നടത്താന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന കാരണത്താലാണ് റാലിക്ക് അധികൃതര്‍ അനുമതി നിഷേധിച്ചത്. വലതുപക്ഷ നേതാവ് റാസ്മസ് പലുദന് മല്‍മോയ്ക്ക് അടുത്തുവച്ച് തടഞ്ഞ് കസ്റ്റഡിയിലും എടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ചില തീവ്രവലതുപക്ഷക്കാര്‍ നഗരത്തില്‍ ഖുറാന്‍ അഗ്‌നിക്കിരയാക്കിയത്.
കുടിയേറ്റ വിരുദ്ധ കക്ഷിയായ ഹാര്‍ഡ് ലൈന്‍ നേതാവാണ് റാസ്മസ് പലുദന്‍. സ്വീഡനിലേക്കുള്ള ഇയാളുടെ വരവ് സ്വീഡിഷ് അധികൃതര്‍ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. സ്വീഡനില്‍ നിയമം ലംഘിക്കാന്‍ പോവുകയാണെന്നും അയാളുടെ സാന്നിധ്യം സമൂഹത്തിന് ഭീഷണിയാകുമെന്ന് സൂചന കിട്ടിയതിനാലാണ് അത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്ന് മാല്‍മോയിലെ പോലീസ് വക്താവ് കാലെ പെര്‍സണ്‍ പറഞ്ഞു.
മാല്‍മോ പ്രദേശത്ത് വെള്ളിയാഴ്ച ദിവസം നിരവധി മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നെന്നാണ് റിപ്പോര്‍ട്ട്. ഒരു പബ്ലിക് സ്‌ക്വയറില്‍ വെച്ച് മൂന്നുപേര്‍ ചേര്‍ന്ന് മതഗ്രന്ഥത്തിന്റെ കോപ്പിയില്‍ ചവിട്ടിയതായും പറയുന്നു. ഖുറാന്‍ കത്തിച്ച സ്ഥലത്തു തന്നെയാണ് ഇന്നലെ പ്രതിഷേധ പ്രകടനങ്ങളും ആരംഭിച്ചത്. കലാപം നിയന്ത്രണ വിധേയമായിട്ടില്ലെന്നും എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും പോലീസ് വക്താവ് അറിയിച്ചു. മുന്‍പ് നടന്ന സംഭവങ്ങളുമായി പ്രതിഷേധത്തിന് ബന്ധമുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.