സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊള്ളക്കരാല്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌നയുടെ അമ്മാവന്‍ കൊള്ളക്കരാല്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്‌നയുടെ ബന്ധു വീട്ടില്‍ ആരൊക്കെയോ ആക്രമണം നടത്തിയെന്നും റെയ്‌നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടു എന്നുമാണ് വാര്‍ത്തകള്‍ വന്നത്.
പഞ്ചാബിലെ പത്താന്‍കോട്ടിലെ തരിയല്‍ ഗ്രാമത്തിലാണ് റെയ്‌നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഓഗസ്റ്റ് 19-ന് അര്‍ധരാത്രി നടന്ന ആക്രമണത്തില്‍ ആശാദേവിക്കും കുടുംബത്തിനും ഗുരുതര പരുക്കുകള്‍ പറ്റിയിരുന്നു. വീട്രിന്റെ ടെറസില്‍ കിടന്നുറങ്ങിയിരുന്ന ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ആശാ ദേവി, ഭര്‍ത്താവ് അശോക് കുമാര്‍, മക്കളായ കൗശല്‍ കുമാര്‍, അപിന്‍ കുമാര്‍, അശോക് കുമാറിന്റെ 80-കാരിയായ അമ്മ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍വച്ച് 58-കാരനായ അശോക് കുമാര്‍ മരിച്ചു. ആശാ ദേവി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 32കാരനായ കൗശലും 24കാരനായ അപിനും ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് റെയ്‌ന മടങ്ങിയതെന്ന് ദൈനിക് ജാഗരന്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റെയ്‌ന ഐപിഎല്‍ കളിക്കില്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ താരം മടങ്ങിപ്പോയെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെ അറിയിച്ചിരുന്നു. കാരണം എന്താണെന്ന് ക്ലബോ റെയ്‌നയോ വിശദീകരിച്ചിരുന്നില്ല. 21ന് ടീം അംഗങ്ങള്‍ക്കൊപ്പം യുഎഇയിലെത്തിയ താരം കൊവിഡ് മുന്‍കരുതലിനായി ക്വാറന്റീനിലായിരുന്നു.