സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ചോര്‍ന്ന സംഭവം ; കസ്റ്റംസ് അന്വേഷണം തുടങ്ങി

സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രമാണ് ചോര്‍ന്നത്. ഇത് പ്രത്യേക ഉദ്യേശത്തോടെയാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. സ്വപ്ന സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ മൊഴിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെക്കുറിച്ച് പറയുന്ന ഭാഗം മാത്രമാണ് ചോര്‍ന്നത്. സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ നല്‍കിയ മൊഴിയാണ് ചോര്‍ന്നത്,ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും ചെയ്തു.

ഇതില്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അതൃപ്തിയിലാണ്. കേസിന്റെ രഹസ്യ സ്വഭാവം നഷ്ടമാകുന്നതില്‍ മറ്റ് അന്വേഷണ ഏജന്‍സികളും കസ്റ്റംസിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്,
കസ്റ്റംസിലെ തന്നെ ഒരു സൂപ്രണ്ട് മൊഴി ചോര്‍ത്തലുമായി നിരീക്ഷണത്തിലാണ് എന്നാണ് വിവരം. മൊഴി ചോര്‍ത്തിയത് അന്വേഷണ സംഘത്തിന്റെ മനോബലം തകര്‍ക്കാനെന്നാണ് വിലയിരുത്തുന്നത്. ഉത്തരവാദികളെ ഉടന്‍ കണ്ടെത്താനും കേന്ദ്ര നിര്‍ദേശമുണ്ട്. മൊഴി ലഭിച്ചതെങ്ങനെയെന്ന് മാധ്യമ പ്രവര്‍ത്തകരോടടക്കം കസ്റ്റംസ് തിരക്കി.

മൊഴി ചോര്‍ത്തിയതില്‍ നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് വിളിച്ചതിനും ഒരു ദിവസം മുന്‍പ് തന്നെ താനും അനില്‍ നബ്യാരും തമ്മില്‍ ബന്ധം ഉണ്ടെന്ന സ്വപ്നയുടെ മൊഴി സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ബി ജെ പിക്ക് എതിരെയുള്ള രാഷ്ട്രീയായുധമായി സിപിഎം ഉപയോഗിക്കുയും ചെയ്തു.