ആര്‍പ്പുവിളികളില്ലാതെ ആളൊഴിഞ്ഞ തിയറ്ററുകള്‍ ; ഈ വര്‍ഷത്തെ ഓണച്ചിത്രങ്ങള്‍ വീട്ടിലിരുന്നു കാണാം

ഏറെക്കാലങ്ങള്‍ക്ക് ശേഷം ആളും അനക്കവും ഇല്ലാത്ത തിയറ്ററുകള്‍ ആണ് ഇത്തവണത്തെ ഓണത്തിന് സാക്ഷ്യം വഹിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും മുഖ്യമായ റിലീസ് സമയമാണ് ഓണം. അതുകൊണ്ടുതന്നെ എല്ലാ ഓണക്കാലങ്ങളും മലയാള സിനിമയില്‍ തീ പാറുന്ന പോരാട്ടമാണ്. എന്നാല്‍ ഇത്തവണ എല്ലാം മാറി. മലയാള സിനിമാ ചരിത്രത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഓണാക്കാഴ്ചകളാണ് ഇക്കുറി. സൂപ്പര്‍താര ചിത്രങ്ങളുടെ മാമാങ്കം ഇല്ല, പ്രേക്ഷകരുടെ വരവും കാത്തുകിടക്കുന്ന ബിഗ് സ്‌ക്രീനുകള്‍ നിശ്ചലം, കയ്യടിയും കരഘോഷവുമായി എത്തുന്ന ആരാധകര്‍ പോലും വീടുകളില്‍ ഒതുങ്ങേണ്ട അവസ്ഥ. എന്നിരുന്നാലും ആശ്വാസമായി മൂന്ന് ഓണച്ചിത്രങ്ങള്‍ വരുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ‘മണിയറയിലെ അശോകന്‍’, ടൊവിനോ തോമസ് നായകനും നിര്‍മ്മാതാവുമാവുന്ന ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’, ഫഹദ് ഫാസിലിന്റെ ‘സീ യു സൂണ്‍’ എന്ന ക്രമത്തില്‍ ഈ ചിത്രങ്ങള്‍ ഓണനാളില്‍, പ്രേക്ഷകരുടെ മുന്നില്‍ എത്തുകയാണ്. സൂപ്പര്‍ താരങ്ങളില്‍ ഒരാളുടെ ചിത്രം പോലും ഇല്ലാതെയുള്ള ഡിജിറ്റല്‍ ഓണറിലീസുകള്‍ക്ക് തിരുവോണനാളില്‍ തുടക്കം കുറിക്കുന്നു.

ഓഗസ്റ്റ് 31ന് നെറ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങുന്ന ‘മണിയറയിലെ അശോകന്‍’ ഗ്രിഗറി അവതരിപ്പിക്കുന്ന അശോകന്‍ എന്ന വ്യക്തിയുടെ പ്രണയജീവിതത്തിലൂടെ കടന്നു പോകുന്ന ഗ്രാമീണ പശ്ചാത്തലത്തിലെ ചിത്രമാണ്. ഷൈന്‍ ടോം ചാക്കോ, അനുപമ പരമേശ്വരന്‍, അനു സിതാര, സണ്ണി വെയ്ന്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. സംവിധാനം ഷംസു സൈബ.

കോവിഡ് റിലീസിനിടെ മറ്റൊരു ചരിത്രം രചിക്കാനുള്ള വരവാണ് ടൊവിനോയുടെ ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ചരിത്രത്തില്‍ ആദ്യമായി ടി.വി.യിലൂടെ റിലീസ് ചെയ്യുന്ന മലയാള ചിത്രമാവുമിത്. ഇനിയും ഡിജിറ്റല്‍ റിലീസ് എന്ന സങ്കേതം പൂര്‍ണ്ണമായും സ്വീകാര്യത നേടാത്ത മലയാള സിനിമാ രംഗത്ത് ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച ചിത്രമാണ് ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. റിലീസിനും മുന്‍പേ പൈറേറ്റഡ് പതിപ്പ് പുറത്തിറങ്ങി എന്ന പേരില്‍ ചിത്രത്തിന് ഡിജിറ്റല്‍ റിലീസിന് പ്രദര്‍ശനാനുമതി ലഭിച്ചത് സിനിമാലോകത്ത് തന്നെ അലോസരങ്ങള്‍ സൃഷ്ടിച്ചു. ഒരു ചിത്രത്തിന് മാത്രമായി ഇളവ് നല്‍കുന്നതിനെതിരെ റിലീസ് ചെയ്യാന്‍ സിനിമകളുമായി കാത്തിരിക്കുന്നവരില്‍ ഭിന്നതയുണ്ടായി. സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധ സ്വരം ഉയര്‍ത്തി.

വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ഇത്തരമൊരു റിലീസ് നീക്കം പ്രഖ്യാപിക്കുന്നത്. ഇന്ത്യ ജാവേസ് എന്ന വിദേശവനിതയാണ് നായിക. ഓഗസ്റ്റ് 31 തിരുവോണനാളില്‍ ഏഷ്യാനെറ്റില്‍ ചിത്രം സംപ്രേക്ഷണം ചെയ്യും. ശേഷം ഒരു ഡിജിറ്റല്‍ റിലീസ് പ്ലാറ്റ്ഫോമില്‍ ചിത്രം എത്തിക്കും എന്നും സൂചനയുണ്ട്.

സെപ്റ്റംബര്‍ ഒന്നിന് ആമസോണ്‍ പ്രൈമില്‍ ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടിന്റെ ‘സീ യു സൂണ്‍’ പുറത്തിറങ്ങും. മറ്റു രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു ഈ സിനിമ ചിത്രീകരണം തുടങ്ങിയതും പൂര്‍ത്തിയാക്കിയതും. ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം, തീര്‍ത്തും ഇന്‍ഡോര്‍ ആയി ചിത്രീകരിച്ച സിനിമ ഒരു വ്യത്യസ്ത ഫോര്‍മാറ്റാകും പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. ഫഹദ് ഫാസിലിന്റെ ഫ്‌ലാറ്റില്‍ ഉള്‍പ്പെടെയായിരുന്നു ചിത്രീകരണം. 90 മിനിട്ടാണ് സിനിമയുടെ ദൈര്‍ഘ്യം.