മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും സംസ്ഥാനം കത്തയക്കും

മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കാനിരിക്കെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍. കോവിഡ് പശ്ചാത്തലത്തിലായിരുന്നു ആറ് മാസത്തെ വായ്പ മൊറട്ടോറിയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരോ സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയോ മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെടാത്തത് കൊണ്ട് നാളെ മുതല്‍ വായ്പകള്‍ തിരിച്ചടച്ച് തുടങ്ങണം. വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണം. മൊറട്ടോറിയം നീട്ടുന്നത് കൊണ്ട് ബാങ്കുകള്‍ക്ക് നഷ്ടമെന്നും സംഭവിക്കില്ല. ഇക്കാര്യം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും ഉടന്‍ കത്തയയ്ക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഈ കാലത്തെ പലിശ കൂടി മൊറട്ടോറിയം തെരഞ്ഞെടുത്തവര്‍ക്ക് ഇനി തിരിച്ചടവില്‍ ഉള്‍പ്പെടും. ഇങ്ങനെ പലിശ ഈടാക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അവശ്യപ്പെടും. സഹകരണബാങ്കുകളിലെ മോറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിനും റിസര്‍വ്വ് ബാങ്കിന്റെ അനുമതി വേണം.