സ്വര്‍ണ്ണക്കടത്ത് കേസില്‍ സീരിയല്‍ നടി അറസ്റ്റില്‍ ; പിടിയിലായത് ലഹരിമരുന്ന് കടത്ത് സംഘത്തില്‍ പെട്ടവര്‍
ലഹരി മരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ സീരിയല്‍ നടി ഉള്‍പ്പെട്ട സംഘത്തിന് കേരളത്തിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം. മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി ആര്‍. രവീന്ദ്രന്‍ (37) ബെംഗളൂരു സ്വദേശിനിയായ സീരിയല്‍ നടി ഡി. അനിഖ എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റിലാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസ് ഉള്‍പ്പെട്ടതായി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്തിനു കൂടുതല്‍ പണം കണ്ടെത്താന്‍ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയിരുന്നെന്നും ഇതിനു പിന്നാലെയാണ് നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് പുറത്തായതെന്നും പ്രതികള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. സീരിയലിലെ ചെറു വേഷങ്ങള്‍ ചെയ്തിരുന്ന അനിഖ പിന്നീട് ലഹരി കടത്ത് സംഘത്തില്‍ ചേരുകയായിരുന്നു. ബ്രസല്‍സില്‍ നിന്നാണ് ഈ സംഘം കുറിയറായി ലഹരി വസ്തുക്കള്‍ ഇന്ത്യയില്‍ എത്തിച്ചിരുന്നതെന്നും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ കുടുംബത്തോടൊപ്പം ഒളിവില്‍പോയതും ബെംഗളുരുവിലാണ്. അതേസമയം ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാന്‍ കാരണമെന്തെന്ന അന്വേഷണമെന്തെന്ന അന്വേഷണ സംഘത്തിന് ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം. സന്ദീപിന്റെ വാഹനത്തില്‍ കര്‍ണാടക അതിര്‍ത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടര്‍ന്നതായി സ്വപ്ന മൊഴി നല്‍കിയിരുന്നു. കൊച്ചിയിലെ ലഹരി പാര്‍ട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അനൂപ് ബെംഗളൂരുവിലേക്കു മാറിയത്.