രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ
കേരള കോണ്‍ഗ്രസിലെ ചിഹ്ന തര്‍ക്കത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് ജയം. രണ്ടില ചിഹ്നത്തിന്റെ അവകാശം ജോസ് കെ മാണി വിഭാഗത്തിനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കമ്മീഷനു മുന്നിലുള്ള രേഖകള്‍, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ എന്നതൊക്കെ പരിഗണിച്ചാണ് കമ്മീഷന്റെ വിധി.
ഒരു കമ്മീഷന്‍ അംഗത്തിന്റെ വിയോജിപ്പോട് കൂടിയാണ് തീരുമാനം നടപ്പിലായത്. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാന്‍ കഴിയൂ എന്നായിരുന്നു ഭൂരിപക്ഷ വിധി. രണ്ട് വിഭാഗത്തെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാന്‍ കഴിയില്ല എന്നുള്ളതായിരുന്നു അശോക് ലവാസയുടെ ന്യൂനപക്ഷ വിധി.
ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെയും പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കുള്ള തിരിച്ചടിയാണിത്. ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നും ജോസ് കെ.മാണി പറഞ്ഞു.