വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ വാക്‌പോര് മുറുകുന്നു
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ വാക് പോര് മുറുകുന്നു. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന് സി.പി.എമ്മും ഡിവൈഎഫ്‌ഐയും ആരോപിക്കുമ്പോള്‍ കായംകുളം കൊലപാതകം പോലെ സി.പി.എമ്മിന് ഇതിലും മാറ്റി പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
വെഞ്ഞാറമൂട് തേമ്പാംമൂട്ടെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന നിലപാടിലാണ് ഡിവൈഎഫ്‌ഐയും സി.പി.എമ്മും. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന മുഖ്യമന്ത്രിയും ചോരപ്പൂക്കളമൊരുക്കിയാണ് ഓണത്തെ കോണ്‍ഗ്രസുകാര്‍ വരവേറ്റതെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. ആരോപണങ്ങളെ നിഷേധിച്ച കോണ്ഗ്രസ് നേതൃത്വം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പ്രഖ്യാപിക്കണമെന് നിലപാടിലാണ്.
കൊലപാതക കേസില്‍ പിടിയിലായവരുടെ കോണ്‍ഗ്രസ് ബന്ധമാണ് സി.പി.എം ആയുധമാക്കുന്നത്. എന്നാല്‍ ഇതിനെതിരെ, രാഷ്ട്രീയ സംഘര്‍ഷമില്ലാതിരുന്നതും പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ക്രമിനല്‍ പശ്ചാത്തലവും കോണ്‍ഗ്രസ് എതിര്‍ വാദമായി ഉന്നയിക്കുന്നുണ്ട്.
ഇന്നലെ രാത്രിയാണ് വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32) തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ വെഞ്ഞാറമൂട് തേമ്പാന്‍മൂട് ജംഗ്ഷനില്‍ വച്ച് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷഹിന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
രാത്രി 12 മണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം മൂവര്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മിഥിലരാജും ഹക്കും വെട്ടേറ്റ് നിലത്തുവീണു. ഗുരുതരമായ പരിക്കേറ്റ മിഥിലരാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് ഹക്ക് മരിച്ചത്. പ്രദേശത്ത് ഏതാനം നാളുകളായി CPM-കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.