മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന സച്ചിനെ ട്വിറ്റര്‍ ചതിച്ചു

കൊറോണ ഭീഷണി നിലനില്‍ക്കുന്ന സമയം ആണ് എങ്കിലും ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് ഗംഭീരമായി തന്നെ ഓണം ആഘോഷിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ട്വിറ്ററിലാണ് സച്ചിന്‍ ഓണാശംസകള്‍ നേര്‍ന്നത്. മലയാളത്തില്‍ ആയിരുന്നു താരത്തിന്റെ ഓണാശംസകള്‍. എന്നാല്‍ സച്ചിനെ ട്വിറ്റര്‍ ചതിച്ചു.

മലയാളത്തില്‍ വളരെ കൃത്യമായി തന്നെയാണ് സച്ചിന്‍ ഓണാശംസകള്‍ നേര്‍ന്നത്. ‘ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ #HappyOnam.’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പക്ഷേ, താരത്തിന്റെ ആശംസ ട്വിറ്റര്‍ മനസിലാക്കിയ രീതിയില്‍ ആണ് പിഴവ് പറ്റിയത്. ഗൂഗിള്‍ ട്രാന്‍സ് ലേറ്റില്‍ സച്ചിന്റെ ട്വീറ്റിന്റെ പരിഭാഷ ആണ് പ്രശ്‌നം ഉണ്ടാക്കിയത്.

ട്വിറ്റര്‍ മുന്‍പിന്‍ നോക്കാതെ സച്ചിന്റെ ട്വീറ്റ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഇങ്ങനെ ‘Who cares Happy Onam to all #HappyOnam’. ഏതായാലും പരിഭാഷ ശ്രദ്ധയില്‍പ്പെട്ടവര്‍ ഇടംവലം നോക്കാതെ ഇക്കാര്യം ട്വിറ്ററിനെയും സച്ചിനെയും ബോധ്യപ്പെടുത്താന്‍ ട്വീറ്റുകളിലൂടെയും റീ-ട്വീറ്റുകളിലൂടെയും ശ്രമിച്ചു.
അതേസമയം, മറ്റുള്ള ഭാഷകള്‍ പരിഭാഷപ്പെടുത്താന്‍ ട്വിറ്ററിനോട് ഗൂഗിള്‍ ട്രാന്‍സ് ലേറ്റ് ഉപയോഗിക്കാനും ചിലരൊക്കെ ആവശ്യപ്പെടുന്നുണ്ട്.