ഐപിഎല്ലില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ വേണ്ടി മുടക്കുന്നത് പത്ത് കോടി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തുന്നതിന്റെ ഭാഗമായി ടീം അംഗങ്ങള്‍ക്കും ടൂര്‍ണമെന്റുമായി ബന്ധപെട്ടവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താന്‍ ബിസിസിഐ ചിലവാക്കുന്നത് പത്ത് കോടിയോളം രൂപ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായി ബിസിസിഐ ഏകദേശം 20,000ല്‍ അധികം ടെസ്റ്റുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
യു.എ.ഇയിലേക്ക് പോവുന്നതിന് മുമ്പായി ടീം അംഗങ്ങള്‍ നടത്തിയ ടെസ്റ്റിന്റെ ചിലവുകള്‍ അതാത് ടീമുകള്‍ തന്നെയാണ് വഹിച്ചത്. ഐപിഎല്ലിനായി താരങ്ങളും മറ്റ് ഭാരവാഹികളും ഇതിനോടകം യു.എ.ഇയില്‍ എത്തികഴിഞ്ഞു. ഇനി നടത്തുന്ന മുഴുവന്‍ ടെസ്റ്റുകളുടെ ചിലവുകള്‍ വഹിക്കുക ബിസിസിഐ ആണ്.
ടൂര്‍ണമെന്റിന്റെ ഭാഗമായി കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതിന് വേണ്ടി മലയാളിയായ വി.പി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെല്‍ത്ത് കെയര്‍ ആണ് ബിസിസിഐയെ സഹായിക്കുന്നത്. ഇതിന് വേണ്ടി 75ല്‍ അധികം സ്റ്റാഫുകളെ കമ്പനി നിയോഗിച്ചിട്ടുണ്ട്. ഈ തൊഴിലാളികള്‍ക്കായി ഹോട്ടലില്‍ ബയോ സുരക്ഷ സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ടീമുകള്‍ യു.എ.ഇയില്‍ എത്തിയത് മുതല്‍ ഓഗസ്റ്റ് 28 വരെ 1988 കോവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.