നബിയുടെ വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച് ഫ്രഞ്ച് മാഗസിന്‍

വിവാദമായ പ്രവാചക കാര്‍ട്ടൂണുകള്‍ വീണ്ടും പ്രസിദ്ധീകരിച്ച് ഫ്രാന്‍സിലെ കുപ്രസിദ്ധ ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോ. 2015 ജനുവരി ഏഴിനു തങ്ങളുടെ ഓഫീസിനു നേരേ നടന്ന ഭീകരാക്രമണത്തിന്റെ വിചാരണയ്ക്ക് മുന്നോടിയായി മുഹമ്മദ് നബിയുടെ വിവാദമായ കാര്‍ട്ടൂണ്‍ പുന പ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസീന്‍ ഷാര്‍ലെ ഹെബ്ദോ. ‘ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങള്‍ ഒന്നും ഉപേക്ഷിച്ചിട്ടുമില്ല’ പുതിയ പതിപ്പില്‍ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചു കൊണ്ട് മാസികയുടെ ഡയറക്ടര്‍ കുറിച്ചു.

2015 ജനുവരി ഏഴിനുണ്ടായ ആക്രമണത്തില്‍ ഫ്രാന്‍സിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. പാരീസിലെ മാഗസീനിന്റെ ഓഫീസില്‍ ആയുധധാരികളായ സെയ്ദ്, ഷെരീഫ് എന്നിവരാണ് ആക്രമണം നടത്തിയത്. ഭീകരാക്രമണം നടത്തിയവര്‍ കൊല്ലപ്പെട്ടെങ്കിലും അക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് വിവാദ കാര്‍ട്ടൂണുകള്‍ മാഗസീന്‍ പുന പ്രസിദ്ധീകരിച്ചത്.

2005ല്‍ പ്രവാചകനെക്കുറിച്ച് ഡാനിഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ 2006 ഫെബ്രുവരിയില്‍ ഫെബ്രുവരിയില്‍ പുനഃപ്രസിദ്ധീകരിച്ചപ്പോള്‍ മുതലാണ് ഷാര്‍ലി എബ്ദോ വിവാദത്തിലായത്. ഈ കാര്‍ട്ടൂണ്‍ ഉള്‍പ്പെടെ 12ലധികം വിവാദ കാര്‍ട്ടൂണുകള്‍ ഷാര്‍ലി എബ്ദോ പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റായ കാബുവിന്റെ പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ ആണ് മധ്യത്തില്‍. വിചാരണ തുടങ്ങുന്ന സമയത്ത് ഇവ പ്രസിദ്ധീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് വാരിക അവകാശപ്പെട്ടു.

ആക്രമണത്തിനു ശേഷം പ്രവാചകനെക്കുറിച്ചുള്ള പുതിയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ കാരണമില്ലാത്തതിനാലാണ് ചെയ്യാതിരുന്നത്. ഇപ്പോള്‍ അതിനുള്ള സമയമായെന്നും എഡിറ്റോറിയല്‍ ടീം വ്യക്തമാക്കുന്നു. ആക്രമണത്തിന് പിന്നാലെ #JeSuisCharlie (I Am Charlie) എന്ന മുദ്രാവാക്യം വൈറലായിരുന്നു. വാര്‍ത്തയെയും വ്യക്തികളെയും ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന മാസിക മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന കാര്‍ട്ടൂണുകളും മറ്റും നല്‍കി പലതവണ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.