എന്‍ ഐ എയുടെ സെക്രട്ടറിയേറ്റിലെ പരിശോധന പൂര്‍ത്തിയായി, നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു എന്‍ ഐ എ സംഘം സെക്രട്ടറിയേറ്റില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായി. സെക്രട്ടറിയേറ്റിലെ സെര്‍വര്‍ റൂമും സിസിടിവി ദൃശ്യങ്ങളുമടക്കം എന്‍ഐഎ സംഘം പരിശോധിച്ചു. ആവശ്യമായ ദൃശ്യങ്ങള്‍ ഏതെന്ന് സര്‍ക്കാരിനെ അറിയിക്കുമെന്നും എന്‍ഐഎ സംഘം അറിയിച്ചു. എന്‍ഐഎ അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 15 പേരടങ്ങിയ എന്‍ഐഎ സംഘമാണ് സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നത്. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

ആദ്യം പൊതുഭരണ വകുപ്പിന്റെ സെര്‍വര്‍ റൂമാണ് പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫീസ് ഉള്‍പ്പെട്ട നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എന്‍ഐഎ സംഘം പിന്നീട് പരിശോധിച്ചു. തീപിടിത്തം നടന്ന സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലെ വിവരങ്ങളും ശേഖരിച്ചതായാണ് സൂചന

കേസ് അന്വേഷണത്തിന്റെ ഭാഗമായി 2019 ജൂണ്‍ 1 മുതല്‍ 2020 ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നാളത്തെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിലുള്ള സാങ്കേതിക പ്രശ്‌നം പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

അതേസമയം കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തെങ്കിലും പങ്കാളിത്തമുണ്ട് എന്നതരത്തില്‍ യാതൊരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഏജന്‍സി പറയുന്നു. മുഖ്യമന്ത്രിയെ പ്രതിയാക്കാനോ ”സ്ഥാപനമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍” തെളിയിക്കാനോ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഏജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഒന്നര വര്‍ഷം കൊണ്ട് 500 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷാണെന്നും സംസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റ് മുതല്‍ മുഖ്യമന്ത്രി ഓഫീസ് വരെ ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒറ്റനോട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസ് ഒരു അഴിമതി മാത്രമാണെന്ന് തോന്നുമെങ്കിലും ഇവര്‍ കടത്തിയ സ്വര്‍ണത്തിന്റെ തോത് പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ വരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.