സ്വര്‍ണ്ണക്കടത്ത് ; എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ എത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് സംഘം സെക്രട്ടേറിയറ്റില്‍ എത്തിയത്. അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തില്‍ 15 അംഗ സംഘമാണ് പരിശോധന നടത്തിയത്. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. 10:15 ഓടെയാണ് സംഘം എത്തിയത്. തുടര്‍ന്ന് സിസിടിവി സര്‍വര്‍ റൂമിലടക്കം വിശദമായ പരിശോധനയാണ് നടത്തുന്നത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് എം. ശിവശങ്കറിന്റെ ഓഫീസ് ഉള്‍പ്പെട്ട നോര്‍ത്ത് ബ്ലോക്കിലെ ഓഫീസിന്റെ പലയിടത്തായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എന്‍ഐഎ സംഘം പരിശോധിച്ചു. സ്വപ്ന അടക്കമുള്ളവരുടെ സെക്രട്ടേറിയറ്റ് സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങളുടെ തെളിവിനായിട്ടാണ് ഈ പരിശോധന. സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ കില സാങ്കേതിക തട്ടസം ചൂണ്ടിക്കാട്ടി നല്‍കിയിരുന്നില്ല.പകരം നേരിട്ട് വന്ന് അന്വേഷിക്കാമെന്ന് അറിയിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഇന്ന് സെക്രട്ടേറിയറ്റില്‍ എത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി 2019 ജൂണ്‍ മുതല്‍ 2020 ജൂലൈ 10 വരെയുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. പ്രോട്ടോക്കോള്‍ ഓഫീസിലെ തീപിടുത്തമടക്കം വലിയ ചര്‍ച്ചയായിരിക്കുന്ന ഏ സമയത്ത് ആണ് എന്‍ഐഎയുടെ ഈ പരിശോധന. അതേസമയം ദേശീയ അന്വേഷണ ഏജന്‍സി സംഘം സെക്രട്ടേറിയറ്റിലെത്തിയത് മലയാളികള്‍ക്ക് നാണക്കേടാണെന്നും മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാജ്യദ്രോഹക്കേസ് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍.ഐ.എ കയറും മുമ്പ് രാജിവെച്ച് ഇറങ്ങി പോവാന്‍ അദ്ദേഹം തയാറാകണം. ഇനിയും ഭരണത്തില്‍ കടിച്ചുത്തൂങ്ങുന്നത് കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് പിണറായി വിജയന്‍ മനസിലാക്കണം.സി.സി.ടി.വി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ വിട്ടുകൊടുക്കാതിരുന്നത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് ഉറപ്പായതിനാലാണ്. പ്രോട്ടോകോള്‍ ഓഫീസിലെ ഫയല്‍ തീവെച്ച് നശിപ്പിച്ചത് എന്തിനായിരുന്നെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി.കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് എല്ലാസഹായവും ചെയ്യുമെന്ന് പറഞ്ഞ സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.