രോഗ ലക്ഷണമില്ലാത്തവരില്‍ വൈറസ് സാന്നിധ്യം കൂടുതല്‍ എന്ന് പഠന റിപ്പോര്‍ട്ട്

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ വൈറസ് സാന്നിധ്യം കൂടുതലാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി പഠന റിപ്പോര്‍ട്ട്. കൊറോണ വൈറസ് രോഗലക്ഷണമില്ലാത്തവരും വൈറല്‍ ലോഡുകളുമായി (രോഗം ബാധിച്ച ഒരാളുടെ ശരീരദ്രാവകത്തിലുള്ള വൈറസിന്റെ അളവ്) വലിയ തോതില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. തെലങ്കാനയിലെ 200 രോഗികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇതേതുടര്‍ന്ന് കൊറോണ വൈറസ് വ്യാപനത്തിന്റെ വ്യാപ്തി എത്രയും പെട്ടന്ന് മനസിലാക്കണമെന്നു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. COVID 19 നിരീക്ഷണത്തിലുള്ള പ്രാഥമിക, ദ്വീതീയ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഹൈദരബാദിലെ സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിങ് ആന്‍ഡ് ഡയഗനോസ്റ്റിക്‌സില്‍ (സിഡിഎഫ്ഡി) ഗവേഷകരും ഇതില്‍ ഉള്‍പ്പെടും. ഏപ്രില്‍ രണ്ടാം വാരം മുതല്‍ തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2743 കേസുകളും 9 മരണവുമാണ് ചൊവ്വാഴ്ച മാത്രം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടമാക്കാത്ത പ്രതിരോധ ശേഷിയുള്ള രോഗികളില്‍ നിന്ന് പ്രതിരോധ ശേഷി കുറഞ്ഞ രോഗികളിലേക്ക് വൈറസ് പടരാനുള്ള സാധ്യത പരിശോധിക്കണമെന്നും ഇത് മരണനിരക്ക് ഉയരാന്‍ കാരണമായേക്കുമെന്നും സിഡിഎഫ്ഡി ലബോറട്ടറി ഓഫ് മോളിക്കുലാര്‍ ഓന്‍കോളജി വിഭാഗത്തിലെ മുരളി ധരം ഭാഷ്യം പറഞ്ഞു. 20 മുതല്‍ 50 വയസ് വരെ പ്രതിരോധ ശേഷി കൂടുതലുള്ള ആളുകളുടെ സാമ്പിളുകളാണ് കൂടുതലായും പഠനത്തിനു ഉപയോഗിച്ചത്. ഈ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ രോഗലക്ഷണമില്ലാത്തവരിലേക്ക് കൂടുതല്‍ പരിശോധന വ്യാപിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഭാഷ്യം പറഞ്ഞു.

210 രോഗികളില്‍ നിന്നുമുള്ള വൈറസ് സാമ്പിളുകളുടെ ജിനോം സ്വീകന്‍സിംഗ് വിശകലനം ചെയ്തായിരുന്നു പഠനം. പഠനത്തിനു വിധേയമാക്കിയ 95 ശതമാനത്തോളം സാമ്പിളുകളില്‍ 20ബി വൈറസ് സ്‌ട്രേയിനുകളുടെ സാന്നിധ്യ0 കണ്ടെത്തി. ചില സാമ്പിളുകളില്‍ മറ്റ് സ്‌ട്രെയിനുകളുടെയും സബ് സ്‌ട്രെയിനുകളുടെയും സാന്നിധ്യമുണ്ട്. മെയ് മുതല്‍ ജൂലൈ വരെ കണ്ടെത്തിയത് 20 ബി വൈറസ് സ്‌ട്രെയിനുകളുടെ സാന്നിധ്യമാണ്. രോഗവ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇത് 23 വൈറസ് സ്‌ട്രെയിനുകളുടെ സാന്നിധ്യമായിരുന്നു. മെയ് മുതല്‍ ജൂലൈ വരെ ശേഖരിച്ച സാമ്പിളുകളില്‍ രോഗലക്ഷണമില്ലാത്തവരിലെ വൈറസ് സാന്നിധ്യം മുന്‍പത്തേതിലും കൂടുതലായി കണ്ടെത്തി.

രോഗലക്ഷണമില്ലാത്തവരും വൈറല്‍ ലോഡും തമ്മില്‍ വലിയ തോതില്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. സാമ്പിളുകള്‍ ശേഖരിച്ച സ്ഥലം, ശേഖരിച്ചപ്പോഴുള്ള രോഗിയുടെ പ്രതിരോധ ശേഷി എന്നിങ്ങനെ വിവിധ ഘട്ടങ്ങള്‍ ഫലത്തെ ബാധിക്കും. ജൂലൈ ആദ്യവാരം വരെയുള്ള സാമ്പിളുകളുടെ ഫലമാണിത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇതേ രീതി തുടരുമോ എന്ന് പരിശോധിക്കണം -ഭാഷ്യം പറഞ്ഞു.