അവസാനം പബ്ജിക്കും പൂട്ട് വീണു ; 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചു
പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. പബ്ജി ലോക്ക് ഡൗണ്‍ കാലത്ത് അല്‍ഭുതകരമായ വളര്‍ച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി ചൈനീസ് ഗെയിം അല്ലെങ്കിലും ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയിലെ സോളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി കോര്‍പ്പറേഷന്‍.
പബ്ജിക്ക് പുറമേ വീ ചാറ്റ്, ബെയ്ദു, കട്ട് കട്ട്, കട്ടൗട്ട്, വാര്‍പാത്ത്, ഗെയിം ഓഫ് സുല്‍ത്താന്‍, ചെസ് റക്ഷ്, സൈബര്‍ ഹണ്ടര്‍, ആപ്പ് ലോക്ക്, ആപ്പ് ലോക്ക് ലൈറ്റ്, ഹൈഡ് ആപ്പ്, കിറ്റി ലൈവ്, മൈക്കോ ചാറ്റ് തുടങ്ങിയവ നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്പുകള്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവയെ നിരോധിക്കാന്‍ തീരുമാനിച്ചതെന്ന് ഐ.ടി മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇവ സുരക്ഷയ്ക്ക് ഭീഷണിയായത് കൊണ്ട് നിരോധിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയും തീരുമാനത്തിന് കാരണമായതായി കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.