ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധം ; അനൂപിനെ അറിയാം എന്ന് സമ്മതിച്ച് ബിനീഷ്
മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ”ബംഗളുരുവില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കൊടിയേരിയാണ്. ഹോട്ടല്‍ വ്യവസായത്തിന് പണം നല്‍കിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പനയുണ്ട്. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ അനൂബും ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂബിനെ ബിനീഷ് കൊടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വപ്ന അറസ്റ്റിലായത്”. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
അതേസമയം ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപിനെ അടുത്തറിയാമെന്നും വസ്ത്ര വ്യാപാരിയെന്ന നിലയ്ക്കാണ് പരിചയമെന്നും ബിനീഷ് പ്രതികരിച്ചു. ബെംഗളൂരുവില്‍ റസ്റ്ററന്റ് തുടങ്ങാന്‍ ആറു ലക്ഷം രൂപ വായ്പ നല്‍കിയിട്ടുണ്ട്. അനൂപിന് ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബെംഗളൂരുവില്‍ പോകുമ്പോള്‍ ഹോട്ടല്‍ റൂം ബുക്ക് ചെയതു തരാറുണ്ട്. റസ്റ്ററന്റ് തുടങ്ങാന്‍ വായ്പ നല്‍കി. ആറു ലക്ഷം രൂപയാണ് വായ്പയായി നല്‍കിയത്. ടി-ഷര്‍ട്ട് ബിസിനസ് നടത്തിയിരുന്ന സമയത്താണ് ഞാന്‍ അദ്ദേഹവുമായി പരിചയത്തിലാവുന്നത്. പിന്നീട് അനൂപ് റെസ്റ്റോറന്റ് ബിസിനസിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തില്‍ ഞാനടക്കം പലരും അവനെ സഹായിക്കാന്‍ പണം നല്‍കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.
അതേസമയം സ്വര്‍ണക്കളളക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള പങ്ക് അന്വേഷിക്കണമെന്ന് ബി.ജെ.പി. വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിന് ബന്ധമുണ്ട്. തട്ടിപ്പിന്റെ പര്യായമായി കോടിയേരി ബാലകൃഷ്ണന്‍ മാറി. മുഹമ്മദ് അനൂപുമായി കോടിയേരിയുടെ മകന്‍ ബിനീഷ് കോടിയേരി ക്ക് ബന്ധമുണ്ട്. സ്വര്‍ണക്കളളക്കടത്ത് കേസില്‍ കോടിയേരി കുടുംബത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ബി.ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. തിരൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിനീഷ് കോടിയേരിക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസുമായി ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. കോടിയേരി ബാലകൃഷ്ണന്‍ വഴി സ്വപ്നയെ സംരക്ഷിക്കാന്‍ ശ്രമങ്ങള്‍ നടന്നോ എന്ന് കണ്ടെത്തണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.