24 മണിക്കൂറിനിടെ 83,883 പേര്‍ക്ക് രോഗം ; 1043 മരണം ; ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,53,407 ആയി. ഒറ്റ ദിവസത്തിനിടെ 1043 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 67,376. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,15,538 പേര്‍ ചികിത്സയിലാണ്. ഇതുവരെ 29,70,493 പേര്‍ രോഗമുക്തരായി.

രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 8,25,739 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 4,55,531 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 4,39,959 പേര്‍ക്കും കര്‍ണാടകയില്‍ 3,61,341 പേര്‍ക്കുമാണ് രോഗം. രാജ്യത്തെ രോഗവ്യാപനത്തിന്റെ ഭൂരിഭാഗവും ഈ നാല് സംസ്ഥാനങ്ങളില്‍ ആണ്.

സെപ്റ്റംബര്‍ രണ്ടുവരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 4,55,09,380 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ രണ്ടിന് മാത്രം 11,72,179 പരിശോധനയാണ് നടത്തിയതെന്ന് ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.