ഇന്ത്യന്‍ സ്‌കൂള്‍ കമ്മറ്റി രക്ഷിതാക്കളെയും അദ്ധ്യാപകരേയും ഭീഷണിപ്പെടുത്തരുത് യു.പി.പി

ഇന്ത്യന്‍ സ്‌കൂളിന്റ ഇപ്പോഴത്തെ ഭരണസമിതി ഈ കോവിഡ് കാലത്തു ഫീസ് കുടിശ്ശികയുള്ള കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസ്സുകളിലോ ക്ലാസ്സ് മുറികളിലോ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി മുഴക്കുന്നത് തികച്ചും അപലപനീയനാണ്

എല്ലാ വര്‍ഷത്തെയും ജനറല്‍ ബോഡിയില്‍ സ്‌കൂള്‍ ലാഭത്തിലാണെന്ന് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഇറക്കുകയും വീമ്പു പറയുകയും ചെയ്യുന്നവര്‍ ഇനിയെങ്കിലും രക്ഷിതാക്കളോട് മാപ്പു പറഞ്ഞു പോകുകയാണ് വേണ്ടതെന്ന് യു .പി പി ഓര്‍മ്മിപ്പിച്ചു.

ഇന്ത്യന്‍ സ്‌കൂളിലെ രക്ഷിതാക്കളുടെ ഫീസിന്റെ കുടിശ്ശിക ഇത്രയേറെ കൂടിവരാന്‍ കാരണം നിലവിലെ കമ്മിറ്റിയുടെയും ഭരണകര്‍ത്താക്കളുടെയും പിടിപ്പുകേടും കാര്യക്ഷമതയില്ലായ്മയും ഒന്ന് മാത്രമാണ്

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ അനാവശ്യ ചിലവുകളൊഴിവാക്കി ഫീസ് കുറയ്ക്കുമെന്ന് പറഞ്ഞവര്‍ ആദ്യത്തെ മൂന്ന് വര്‍ഷത്തിനിടയ്ക്കു തന്നെ രക്ഷിതാക്കള്‍ക്ക് താങ്ങാനാവാത്ത വിധം ഫീസ് കൂട്ടുകയാണ് ചെയ്തത്. മൂന്ന് വര്‍ഷത്തിന് ശേഷം തികഞ്ഞ ക്രമക്കേടിലൂടെ അധികാരത്തിയപ്പോഴും ഇനി ഫീസ് കൂട്ടില്ല എന്ന് പറഞ്ഞവര്‍ എത്ര തവണ ഫീസ് കൂട്ടിയെന്നത് ഓരോ രക്ഷിതാവിനും അറിയാവുന്ന കാര്യമാണ്.

ഇതിനൊക്കെ പുറമെ പ്രതിപക്ഷമായ യു .പി .പി യും മുഴുവന്‍ രക്ഷിതാക്കളും കോവിഡ് സാഹചര്യത്തില്‍ അധ്യാപകര്‍ക്കും, ജീവനക്കാര്‍ക്കും വേതനം കൊടുക്കാനും അത്യാവശ്യ കാര്യങ്ങള്‍ നടന്നുപോകാനും മാത്രം മതിയാവുന്നതിലേറെ വരുന്ന ട്യൂഷന്‍ ഫീസ് മാത്രം രക്ഷിതാക്കളില്‍ നിന്ന് ഈടാക്കണമെന്നു പലതവണ അഭ്യര്‍ത്ഥിച്ചിട്ടും പാവം രക്ഷിതാക്കളെ ദ്രോഹിച്ചു കൊണ്ട് ഇഷ്ടക്കാര്‍ക്കു വീതം വെച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രക്ഷിതാക്കളില്‍ നിന്നും മുഴുവന്‍ സംഖ്യയും പിരിച്ചെടുത്തിട്ടും ഇപ്പോള്‍ ഇല്ലായ്മ പറയുന്നതിലെ രാഷ്ട്രീയം എന്താണെന്ന് മനസ്സിലാക്കാന്‍ കഴിവില്ലാത്തവരാണ് ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കളെന്നു ബന്ധപ്പെട്ടവര്‍ കരുതരുത്.

ഒഴിവു ദിവസങ്ങളില്‍ സ്‌കൂളിലെ വില കൂടിയ സാധനങ്ങള്‍ പട്ടാപകല്‍ ട്രെക്കുകളില്‍ കയറ്റി പോകുന്ന മനസ്സാക്ഷി സൂക്ഷിപ്പുകാരെ വീണ്ടും ചീര്‍ത്തു കൊഴുപ്പിക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണിത്.

ഇന്നത്തെ സാഹചര്യത്തില്‍ ലോകത്താകമാനം ഉള്ളത് പോലെ തന്നെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളും കൃത്യമായ ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ജീവിതച്ചെലവ് തരപ്പെടുത്താനാവാതെ ബുദ്ധിമുട്ടുന്ന ബഹു ഭൂരിഭാഗം വരുന്ന രക്ഷിതാക്കള്‍ക്ക് ഉത്തരവാദപ്പെട്ട ഒരു കമ്മറ്റി എന്ന നിലയില്‍ എല്ലാ ഫീസുകളും ഒഴിവാക്കി കൊടുക്കേണ്ട സാഹചര്യത്തില്‍ ട്യൂഷന്‍ ഫീസിന് പുറമെ ഇന്ന് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുക പോലും ചെയ്യാത്ത എ സി യുടെയും ലാബിന്റെയും പോലുള്ള കുറെ അനുബന്ധ ഫീസുകള്‍ കൂടി കവര്‍ന്നെടുക്കുന്നത് ഒട്ടും ധാര്‍മികതയില്ലായ്മയും വലിയ അന്യായവുമാണ് .

ഇത്രയൊക്കെ പിരിച്ചെടുത്തിട്ടും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും എല്ലാ മാസവും വേതനം പോലും കൃത്യമായി നല്‍കാത്ത സാഹചര്യമാണുള്ളത് ഇത് എന്ത് കൊണ്ടാണ് എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.

തങ്ങള്‍ക്ക് ഓശാന പാടുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൈ നിറയെ ശമ്പളവും ബാക്കിയുള്ളവര്‍ക്കു ഇരുപത്തഞ്ചു ശതമാനവും അന്‍പത് ശതമാനവും മാത്രം ശമ്പളവും കൊടുക്കുന്നതിന് എന്ത് ഞ്യായീകരണമാണുള്ളതെന്നും യു .പി .പി ചോദിച്ചു.

ഇനി തുടങ്ങാനിരിക്കുന്ന ഓണ്‍ലൈനും അല്ലാത്തതുമായ ക്ളാസ്സുകളില്‍ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിക്കണമെന്നും ഫീസ് കുടിശ്ശിക ഉള്ളവര്‍ക്ക് എല്ലാ മാസത്തേയും ഫീസിന്റെ കൂടെ വലിയ ഭാരമാകാത്ത രീതിയില്‍ ഗഡുക്കളായി കുടിശ്ശിക അടച്ചു തീര്‍ക്കാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്നും യു .പി .പി നേതാക്കളായ എബ്രഹാം ജോണ്‍ ,അനില്‍ യു .കെ , റഫീഖ് അബ്ദുള്ള , എഫ് .എം.ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, ചന്ദ്രബോസ്, ശ്രീധര്‍ തേറമ്പില്‍ , മോനി ഓടിക്കണ്ടത്തില്‍ , ബിജു ജോര്‍ജ്, ഹാരിസ്, ദീപക് മേനോന്‍, എബിതോമസ്, തരകന്‍,അന്‍വര്‍ ശൂരനാട്, മുഹമ്മദലി,സുനീഷ് ,ജമാല്‍കുറ്റിക്കാട്ടില്‍ , എന്നിവര്‍ പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.