ബംഗളൂരു മയക്കു മരുന്ന് കേസ് : കന്നഡ നടി അറസ്റ്റില്‍
ബെംഗളൂരു : കന്നഡ സിനിമാ ലോകത്തിനെ പിടിച്ചു കുലുക്കിയ ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്വേഷണ സംഘം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യെലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ ആറ് മണിക്ക് രാഗിണിയുടെ വീട്ടില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇവരുടെ സുഹൃത്ത് രവി ശങ്കറെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കു മരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. രവിശങ്കര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഇവര്‍ക്ക് അറിവുണ്ടായിരുന്നു.
കന്നഡ സിനിമാ മേഖലയുമായി രവിശങ്കറിനെ ബന്ധപ്പെടുത്തിയത് രാഗിണിയാണെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി സിസിബി പറഞ്ഞു. രാഗിണിക്ക് മയക്കു മരുന്ന് സംഘവുമായി നേരിട്ടു ബന്ധമുണ്ട്. യെലഹങ്കയിലെ വീട്ടില്‍ പാര്‍ട്ടികളിലടക്കം മയക്കു മരുന്ന് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതായും അന്വേഷണ സംഘം പറയുന്നു. ഇവരുടെ കൈയില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതില്‍ രണ്ടെണ്ണത്തിലെ വാട്സാപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത നിലയിലാണ്. ഇത് വീണ്ടെുക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
സംഭവുമായി ബന്ധപ്പെട്ടു ധാരാളം സിനിമാ താരങ്ങളും പ്രവര്‍ത്തകരും പോലീസ് നിരീക്ഷണത്തിലാണ്. ലഹരിമരുന്ന് മാഫിയയുടെ വന്‍ റാക്കറ്റ് ആണ് സിനിമയുടെ മറവില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് അന്വേഷണസംഘം പറയുന്നത്.