പബ്ജി നിരോധനം ; ടെന്‍സെന്റിന് ഒരു ദിവസം നഷ്ടം 1.02 ലക്ഷം കോടി

പബ്ജി നിരോധനത്തിന്റെ ആദ്യ ദിനം തന്നെ ഉടമകള്‍ ആയ ചൈനീസ് കമ്പനിയുടെ വിപണി മൂല്യത്തില്‍ 1.02 ലക്ഷം കോടി രൂപ നഷ്ടമായി. ടെന്‍സെന്റ് ഓഹരി മൂല്യം രണ്ടു ശതമാനമാണ് ഇടിഞ്ഞത്. സെപ്റ്റംബര്‍ രണ്ടിന് പബ്ജി ഉള്‍പ്പടെ 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചിരുന്നു. പബ്ജി ഉള്‍പ്പടെയുള്ള ആപ്പുകള്‍ നിരോധിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളായതോടെയാണ് നൊടിയിടയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

ഇപ്പോള്‍ സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഭൂരിഭാഗവും ഗെയിമുകളും ക്യാമറ ആപ്പുകളുമാണ്. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ ആപ്പുകളുടെ കൂട്ടത്തിലുണ്ട്. നൂറിലേറെ ആപ്പുകള്‍ നിരോധിച്ചെങ്കിലും പബ്ജിയാണ് ഏറെ വാര്‍ത്താപ്രാധാന്യം നേടിയത്. ഇന്ത്യയില്‍ രണ്ടുവര്‍ഷംകൊണ്ട് ഏറെ ജനപ്രീതി നേടിയ ഗെയിം ആയിരുന്നു പബ്ജി. ഓരോ ദിവസവും നിരവധി ഉപയോക്താക്കളെ സ്വന്തമാക്കി മുന്നേറുന്നതിനിടെയാണ് പബ്ജി ഇന്ത്യയില്‍നിന്ന് അപ്രതീക്ഷിതമായി നീങ്ങുന്നത്.

ദക്ഷിണകൊറിയന്‍ കമ്പനി വികസിപ്പിച്ചെടുത്ത പബ്ജി ഗെയിം പിന്നീട് ചൈനീസ് കമ്പനിയായ ടെന്‍സെന്റ് അതില്‍ നിക്ഷേപം നടത്തുകയായിരുന്നു. ഇന്ത്യ പബ്ജി നിരോധിച്ചതിന് ശേഷം ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ടെന്‍സെന്റ് ഓഹരികള്‍ 2 ശതമാനം ഇടിഞ്ഞു. ഏകദേശം 175 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഹോങ്കോങ് വിപണിയില്‍ വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ ടെന്‍സെന്റ് ഓഹരി വില 71 ഡോളറായിരുന്നു. ഇത് ക്ലോസ് ചെയ്യുമ്പോള്‍ 69 ഡോളറിലേക്ക് താഴ്ന്നു. പബ്ജിയിലെ 10 ശതമാനം ഓഹരികളും ടെന്‍സെന്റിന്റെ കൈവശമാണ്.

അതേസമയം സമാനമായ രീതിയില്‍ ഉള്ള ഫോജി (സൈനികന്‍) എന്ന ആപ്പ് ഇന്ത്യ ഉടന്‍ പുറത്തിറക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിനിമാ താരം അക്ഷയ് കുമാര്‍ ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തു വിട്ടത്.