വയോധികരെ വിവാഹം ചെയ്ത് പണവും സ്വര്‍ണ്ണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ്

വയോധികരെ കബളിപ്പിച്ച് വിവാഹം ചെയ്ത് സ്വര്‍ണ്ണവും പണവുമായി മുങ്ങുന്ന സ്ത്രീക്കെതിരെ കേസ്. ഇവരുടെ തട്ടിപ്പിനിരയായ 66കാരനായ ജുഗല്‍ കിഷോര്‍ എന്ന കോണ്‍ട്രാക്ടര്‍ പരാതിയുമായെത്തിയതോടെയാണ് സിനിമാ സ്‌റ്റൈല്‍ തട്ടിപ്പ് പുറത്തുവരുന്നത്. ഇയാളില്‍ നിന്ന് 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും പണവുമായാണ് തട്ടിപ്പു ഭാര്യ കടന്നു കളഞ്ഞത് എന്ന് പോലീസ് പറയുന്നു.

യുപി ഗസീയബാദ് സ്വദേശിയാണ് ജുഗല്‍. കഴിഞ്ഞ വര്‍ഷം ഇയാളുടെ ഭാര്യ മരിച്ചു. മകനും മറ്റൊരു വീട്ടിലേക്ക് മാറി. തനിച്ചായതോടെയാണ് വീണ്ടുമൊരു വിവാഹം ചെയ്യാന്‍ വയോധികന്‍ തീരുമാനിക്കുന്നത്. അപ്പോഴാണ് ഖന്ന വിവാഹ കേന്ദ്ര എന്ന പേരില്‍ ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാട്രിമോണിയല്‍ സൈറ്റിന്റെ പരസ്യം ഇയാളുടെ ശ്രദ്ധയില്‍ വരുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കും വിവാഹ മോചിതര്‍ക്കും അനുയോജ്യമായ ബന്ധങ്ങള്‍ കണ്ടെത്തി നല്‍കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

പരസ്യം കണ്ട ജുഗല്‍, ഏജന്‍സിയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഏജന്‍സി ഉടമ മഞ്ജു ഖന്ന, ഏറ്റവും അനുയോജ്യയായ വധു എന്ന പേരില്‍ മോണിക്ക മല്ലിക്ക് എന്ന സ്ത്രീയെ ഇയാള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. വിവാഹ മോചിതയാണെന്നായിരുന്നു മോണിക്ക ഇയാളോട് പറഞ്ഞത്. കുറച്ച് ആഴ്ചകളുടെ സൗഹൃദത്തിന് ശേഷം 2019 ആഗസ്റ്റില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം മോണിക്ക അപ്രത്യക്ഷയായി. സ്വര്‍ണ്ണവും പണവുമൊക്കെയായി 15 ലക്ഷം രൂപയുടെ മുതലുമെടുത്തായിരുന്നു ഒളിച്ചോട്ടം. പിന്നാലെ ജുഗല്‍ ഇവരെ പരിചയപ്പെടുത്തിയ മാട്രിമോണിയല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടു. എന്നാല്‍ ഉടമ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളില്‍ നിന്ന് പണം ആവശ്യപ്പെടുകയാണുണ്ടായത്. ഇതിനിടെ മോണിക്കയുടെ തട്ടിപ്പിനിരയായ മറ്റൊരാളെയും ജുഗല്‍ പരിചയപ്പെട്ടിരുന്നു.

തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മോണിക്ക സ്ഥിരം തട്ടിപ്പുകാരിയാണെന്ന് വ്യക്തമായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എട്ടു വയോധികരെയാണ് ഇവര്‍ ഇത്തരത്തില്‍ വിവാഹം ചെയ്ത് കബളിപ്പിച്ചതെന്നും എല്ലാ വിവാഹങ്ങളും ഖന്ന വിവാഹ കേന്ദ്ര വഴി തന്നെയാണ് നടന്നതെന്നും വ്യക്തമായി.

സംഭവത്തില്‍ മോണിക്ക, ഇവരുടെ കുടുംബം,മാട്രിമോണിയല്‍ ഏജന്‍സി തുടങ്ങിയവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആള്‍മാറാട്ടം നടത്തി തട്ടിപ്പ്, വഞ്ചന, മോഷണം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.