വേറെ വിവാഹം കഴിച്ച കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതിയുടെ പ്രതികാരം

തന്നെ ഒഴിവാക്കി മറ്റൊരു യുവതിയെ വിവാഹം കഴിച്ച മുന്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് കാമുകിയുടെ പ്രതികാരം. ആന്ധ്രപ്രദേശിലെ കര്‍നൂര്‍ ജില്ലയിലെ പെഡ്ഡാ കൊട്ടല ഗ്രാമത്തിലാണ് സംഭവം. നാഗേന്ദ്ര എന്ന 23 കാരന് നേരെയായിരുന്നു കാമുകിയായ സുപ്രിയയുടെ ആക്രമണം.

ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനു മുന്‍പും ഇയാള്‍ക്ക് നേരെ യുവതി ആസിഡൊഴിച്ചെങ്കിലും കാര്യമായ പരിക്കുകള്‍ കൂടാതെ രക്ഷപ്പെടുകയായിരുന്നു. മൂന്നു വര്‍ഷത്തിലധികമായി സ്‌നേഹബന്ധം പുലര്‍ത്തിയിരുന്ന ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. ഇരുവരും വേറെ ജാതിയില്‍ പെട്ടവര്‍ ആയിരുന്നു.

വീട്ടുകാരുടെ എതിര്‍പ്പ് കൂടുതലായതോടെ ഇരുവരും പിരിയുകയും ഒരു മാസം മുന്‍പ് നാഗേന്ദ്ര മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവരം സുപ്രിയ അറിഞ്ഞിരുന്നില്ല. ഇതറിഞ്ഞ യുവതി ഇയാളെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. യുവതിയുടെ വീടിന് സമീപത്ത് കൂടി പോയപ്പോഴാണ് ഇയാളുടെ മുഖത്ത് ഇവര്‍ ആദ്യം ആസിഡൊഴിച്ചത്.

ഇതേ സ്ഥലത്തുള്ള സ്പീഡ് ബ്രേക്കറില്‍ ബൈക്കിന്റെ വേഗം കുറച്ചപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം. ആദ്യത്തെ ആക്രമണത്തെ കുറിച്ച് പരാതിപ്പെടാതിരുന്നതാണ് വീണ്ടും ഇതാവര്‍ത്തിക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രണയം അവസാനിച്ചപ്പോള്‍ യുവതിയില്‍ നിന്ന് വാങ്ങിയ 20,000 രൂപ തവണ\കളായി തിരിച്ചുനല്‍കാമെന്നു സമ്മതിച്ചിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.