കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര്’ ; ആരോപണവുമായി കോണ്‍ഗ്രസ്

വിവാദമായ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഡിവൈഎഫ്‌ഐ നേതാവ് സഞ്ജയനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജെന്നും മറ്റൊരു സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വെഞ്ഞാറമൂട് കൊലപാതകം സിപിഎം ചേരിപ്പോരില്‍ നിന്ന് ഉണ്ടായതാണ്. സംഭവത്തില്‍ ഉള്‍പ്പെടാത്തവരുടെ പേര് വരെ എഫ്‌ഐആറില്‍ ചേര്‍ത്ത് കേസ് അട്ടിമറിക്കാന്‍ നോക്കുകയാണെന്നും എം എം ഹസന്റെ നേതൃത്വത്വത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിര്‍ഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താന്‍ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസില്‍ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണ്. സംഭവസ്ഥലത്ത് രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കൈയിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പൊലീസ് ഒന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പാലോട് രവിയും ശബരീനാഥനും അടക്കമുള്ളവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എ.എ. റഹീമും ഡി.കെ.മുരളിയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സംഭവിച്ചതാണ് കൊലപാതകമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. 2019 ല്‍ ഡി.കെ.മുരളിയുടെ മകനെ സിപിഎമ്മുകാര്‍ വേങ്കമല ക്ഷേത്രത്തിനുസമീപം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സിപിഎം പ്രവര്‍ത്തകന്‍ ഫൈസലിനു നേരെ ഉണ്ടായ വധശ്രമവും പാര്‍ട്ടിയിലെ ചേരിപ്പോരിനെ തുടര്‍ന്നായിരുന്നു.

റഹിമിന്റെ വിശ്വസ്തനും ഡിവൈഎഫ്‌ഐ ഏരിയാ ജോയിന്റ് സെക്രട്ടറിയുമായ സഞ്ജയനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ്, സി പി എം പ്രവര്‍ത്തകന്‍ ഷറഫുദ്ദീനെ വധിക്കാന്‍ ശ്രമിച്ച കേസിലും മിഥിലാജ് പ്രയാണ്. കൊലപാതകത്തില്‍ പങ്കെടുത്ത പലരും ഇപ്പോഴും റഹിമിന്റെ സംരക്ഷണയില്‍ ഒളിവില്‍ കഴിയുന്നു. കേരള പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താനാവില്ല.

ഷഹീന്‍, അപ്പൂസ് എന്നീ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. കേസിലെ സാക്ഷിയല്ലാത്ത മറ്റൊരു ഷഹീനാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേ സമയം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി സജീവന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണോ എന്നറിയില്ലെന്നും കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലെന്നും നേതാക്കള്‍ പറഞ്ഞു.