ഓണക്കച്ചവടം പൊട്ടി ; ബെവ്കോയ്ക്ക് നഷ്ടം 308 കോടി
ചരിത്രത്തില്‍ ആദ്യമായി ഓണക്കച്ചവടം പൊട്ടി കേരളാ ബിവറേജ്. നഷ്ടത്തിന് കാരണമായത് കൊറോണയും ബെവ്ക്യു ആപ്പും. 308 കോടി രൂപയുടെ ഇടിവാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഓണക്കാലത്ത് കോര്‍പറേഷന് ഉണ്ടായിരിയ്ക്കുന്നത്. ഉത്രാടം വരെയുള്ള എട്ടു ദിനത്തെ വരുമാനം ഇത്തവണ 179 കോടി രൂപയാണ്. കഴിഞ്ഞ തവണയിത് 487 കോടി രൂപയായിരുന്നു.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതും ബാറുകളിലെ വില്‍പ്പനയുമാണ് ബെവ്കോയ്ക്ക് തിരിച്ചടിയായത്. ബിവറേജസ് ഔട്ടലെറ്റുകളിലെ വില്‍പ്പന ബെവ് ക്യൂ ആപ്പിലെ ടോക്കണ്‍വഴി പരിമിതപ്പെടുത്തിയപ്പോള്‍ ബാറുകളില്‍ പലതും ടോക്കണില്ലാതെയാണ് മദ്യം വില്‍ക്കുന്നത്. ഇതും കോര്‍പറേഷന് തിരിച്ചടിയായി.
പതിവു തെറ്റിയ്ക്കാതെ ഇത്തവണയും ഏറ്റവുമധികം മദ്യം വിറ്റഴിയ്ക്കപ്പെട്ടത് ഉത്രാട ദിനത്തിലാണ് 53 കോടിരൂപയാണ് വിറ്റുവരവ്. സംസ്ഥാനത്തെ 270 ഔട്ടലെറ്റുകളില്‍ ഏറ്റവുമധികം മദ്യം വിറ്റ ഔട്ടലെറ്റ് ഇത്തവണയും ഇരിങ്ങാലക്കുട തന്നെയാണ്. 63 ലക്ഷം രൂപയാണ് ഇത്തവണ അവിടുത്തെ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്ലെറ്റ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തി. 60 ലക്ഷം രൂപയാണ് വരുമാനം. കണ്ണൂര്‍ പട്ടണത്തിലെ 13009 ഔട്ടലെറ്റ് 52 ലക്ഷം രൂപയുടെ മദ്യം വിറ്റ് മൂന്നാം സ്ഥാനത്തെത്തി.