തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട ; ഇരുപത് കോടിയുടെ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം : ആറ്റിങ്ങല്‍ കോരാണിയില്‍ 20 കോടി വില വരുന്ന 500 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. കണ്ടെയ്‌നര്‍ ലോറിയുടെ ക്യാബിന് മുകളില്‍ ഒളിപ്പിച്ചു കടത്തിയ കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ഒരു ജാര്‍ഖണ്ഡ് സ്വദേശിയെയും പഞ്ചാബ് സ്വദേശിയെയും എക്‌സൈസ് അറസ്റ്റ് ചെയ്തു.

ചിറയിന്‍കീഴ് സ്വദേശിയായ ഒരാള്‍ക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് എക്‌സൈസ് കരുതുന്നത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായതായും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു. കേരള വിപണിയില്‍ 20 കോടിയോളം രൂപ വില വരുന്ന 500 കിലോ കഞ്ചാവാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയ ആണ് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്നത്. പ്രതികളെ കണ്ടെത്താന്‍ കര്‍ണാടക പൊലീസിന്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.