ഹോമിയോമരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവ്

കൊറോണ പ്രതിരോധത്തിന് ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്നു പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇത്തരത്തില്‍ മരുന്ന് കഴിച്ച് രോഗം വന്നവരില്‍തന്നെ വളരെ പെട്ടെന്ന് രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ മരുന്ന് കഴിച്ച ആളുകളില്‍ കുറച്ചു പേര്‍ക്ക് മാത്രമേ കോവിഡ് വന്നിട്ടുള്ളൂവെന്നും അഥവാ വന്നാല്‍ തന്നെ മൂന്നോ നാലോ ദിവസംകൊണ്ട് രോഗമുക്തി നേടിയതായും ചിലയിടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഡി.എം.ഒയും പ്രശസ്ത സംവിധായകനും കൂടിയായ ഡോ. ബിജു ഇത്തരത്തില്‍ നടത്തിയ പഠനത്തിന്റെ ഫലം തന്നെ കാണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ മരുന്ന് ഹോമിയോയില്‍ ഉണ്ടെന്ന് പറയുകയും അത് നല്‍കാന്‍ തയാറാവുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിതര്‍ക്ക് ചികിത്സ നല്‍കുന്നത് ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് മാത്രമേ സാധിക്കുകയുള്ളൂ. അതിനാല്‍ ഹോമിയോ മരുന്നു നല്‍കി ചികിത്സിക്കാന്‍ സാധിക്കില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന് കേരളത്തിലുടനീളം വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.