കല്യാണം കഴിക്കണം എന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചു ; 17കാരന്‍ ആറ്റില്‍ച്ചാടി

കല്യാണം കഴിപ്പിക്കണമെന്ന ആവശ്യം വീട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്റെ ആത്മഹത്യ ശ്രമം. ആറ്റില്‍ച്ചാടിയാണ് ബാലന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം ആറ്റില്‍ മുങ്ങിയെങ്കിലും നീന്തല്‍ അറിയാമായിരുന്നത് കൊണ്ട് അറിയാതെ നീന്തിത്തുടങ്ങി. തുടര്‍ന്ന് കരയില്‍ ഉണ്ടായിരുന്നവര്‍ കൂടി ആറ്റിലേക്ക് ചാടി ബാലനെ രക്ഷിക്കുകയായിരുന്നു.

ഇത്തിക്കരയാറ്റിലാണ് സംഭവം നടന്നത്. പത്താംക്ലാസ് ജയിച്ച് നില്‍ക്കുകയാണ് പതിനേഴു വയസുകാരന്‍ പാരിപ്പള്ളി സ്വദേശിയാണ്. തനിക്ക് വിവാഹം കഴിക്കണമെന്ന് ബാലന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു. ഇതില്‍ നിരാശ പൂണ്ട ബാലന്‍ ആറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പാരിപ്പള്ളിയില്‍ നിന്ന് ബസിലാണ് ചാത്തന്നൂരിന് സമീപമുള്ള ഇത്തിക്കരയാറ്റിലേക്ക് എത്തിയത്. വെള്ളം പൊങ്ങി നില്‍ക്കുന്ന സമയത്ത് ആറ്റിലേക്ക് ഒരാള്‍ ചാടുന്നതു കണ്ട നാട്ടുകാരില്‍ ചിലരും ഒപ്പം ചാടുകയായിരുന്നു. രക്ഷപ്പെട്ട് കരയ്ക്ക് എത്തിച്ചപ്പോഴേക്കും ചാത്തന്നൂര്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസുകാര്‍ ബാലന്റെ മാതാപിതാക്കളെ വിളിച്ചു വരുത്തുകയായിരുന്നു.