യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഒളിവില്‍ പോയ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

വിവാഹവാഗ്ദാനം നല്‍കിയ ശേഷം കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പള്ളിമുക്ക് സ്വദേശി ഹാരിഷ് മുഹമ്മിദിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം സ്വദേശി വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി(24) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഹാരിഷ് മുഹമ്മദുമായി വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്നും ഹാരിഷ് പിന്മാറിയതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

പത്ത് വര്‍ഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നല്‍കണമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിവാഹം നടത്താന്‍ ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നു.

എന്നാല്‍ വളയിടല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. പലപ്പോഴായി റംസിയയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഇതോടെ റംസിയെ ഒഴിവാക്കുകയുമായിരുന്നു. ഇതാണ് റംസി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.