രോഗലക്ഷണങ്ങളില്ല , പത്തിലൊരു ഗര്‍ഭിണിയ്ക്ക് കൊറോണ എന്ന്  പഠന റിപ്പോര്‍ട്ട് 

ലോകത്ത് പത്തിലൊരു ഗര്‍ഭിണി കൊറോണ ബാധിതയാണെന്ന പഠന റിപ്പോര്‍ട്ടുമായി ബര്‍മിംഗ്ഹാം സര്‍വകലാശാല. അടുത്തിടെ ആശുപത്രികളില്‍ പോകുകയോ അഡ്മിറ്റാകുകയോ ചെയ്ത ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതേസമയം ഇവരില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ലെന്നും പഠനത്തില്‍ പറയുന്നു. പനി, പേശി വേദന തുടങ്ങിയ കൊറോണ വൈറസ് ലക്ഷണങ്ങള്‍ ഗര്‍ഭിണികളായ രോഗികള്‍ പ്രകടിപ്പിക്കാറില്ല. ഇവരുടെ ആരോഗ്യനില പെട്ടന്ന് വഷളാകുമെന്നതിനാല്‍ പലരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരാറുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗബാധിതരായ ഗര്‍ഭിണികളിലെ മാസമെത്തും മുന്‍പുള്ള പ്രസവം അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു. മറ്റ് രോഗാവസ്ഥയുള്ളവരും പ്രായമുള്ളവരും ഉയര്‍ന്ന BMI ഉള്ളവരുമായ ഗര്‍ഭിണികളിലാണ് കൊറോണ ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നത്. അതേസമയം ഗര്‍ഭസ്ഥശിശുവിന്റെ മരണം പോലെയുള്ള സങ്കീര്‍ണ്ണതകള്‍ ഇത്തര0 കേസുകളില്‍ കുറവാണ്. മുതിര്‍ന്ന വ്യക്തികള്‍, കുട്ടികള്‍ എന്നിവരെ പോലെ തന്നെ അപകടസാധ്യത കൂടിയവരാണ് ഗര്‍ഭിണികളും.