വൊഡാഫോണ്‍ ഐഡിയ ഇനിയില്ല ; ടെലികോം മേഖലയില്‍ കരുത്ത് കാട്ടാന്‍ പുതിയ ബ്രാന്‍ഡ് വിഐ

രാജ്യത്തെ ടെലികോം രംഗത്തെ മുന്‍നിര കമ്പനികളായ വൊഡാഫോണും ഐഡിയയും ഇനിയില്ല. ഇരു കമ്പനികളും ലയിച്ച് ഇനിമുതല്‍ പുതിയ ബ്രാന്‍ഡില്‍ അറിയപ്പെട്ടും. വൊഡാഫോണിന്റെ പേരിലുള്ള വിയും ഐഡിയയുടെ പേരിലുള്ള ഐയും ചേര്‍ന്ന് വിഐ എന്നതാണ് പുതിയ ബ്രാന്‍ഡ്. വൊഡോഫോണും ഐഡിയയും ലയിച്ച് വര്‍ഷങ്ങള്‍ ആയി എങ്കിലും ഇപ്പോള്‍ ആണ് പുതിയ ബ്രാന്‍ഡിലേക്കു മാറുന്നത്.

അന്തര്‍ദേശീയ ടെലികോം സേവനദാതാക്കളായ വൊഡാഫോണും ഇന്ത്യയിലെ പ്രധാന കമ്പനിയായ ഐഡിയയും 2018 ഓഗസ്റ്റിലാണ് ലയിച്ചത്. ഇരു കമ്പനികളും ലയിച്ചെങ്കിലും ഇവയുടെ ബ്രാന്‍ഡ് പേരുകള്‍ നിലനിര്‍ത്തിയിരുന്നു. ഐഡിയയ്ക്ക് ഗ്രാമീണമേഖലയിലും വൊഡാഫോണിന് നഗരമേഖലയിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. ഇത് പുതിയ ബ്രാന്‍ഡിന് മുന്നോട്ടുകുതിക്കാന്‍ സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

എന്നാല്‍ കടുത്ത മത്സരം നടക്കുന്ന ടെലികോം മേഖലയില്‍ ഒറ്റ ബ്രാന്‍ഡായി മാറുന്നതിലൂടെ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കൂടാതെ രണ്ടു പേരില്‍ അറിയപ്പെടുമ്പോഴുള്ള ചെലവ കുറയക്കാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഒരുക്കാനും ഡിജിറ്റല്‍ ആവശ്യങ്ങള്‍ പരിഹരിക്കാനും കമ്പനിക്ക് വിപുലമായ ശൃംഖലയുണ്ടെന്ന് വിഐ ചീഫ് എക്‌സിക്യൂട്ടീവ് രവീന്ദര്‍ ടാക്കര്‍ പറഞ്ഞു.