മയക്കുമരുന്ന് കേസ് ; ബോളിവുഡിലെ 25 സെലിബ്രിറ്റികള്‍ക്കെതിരെ മൊഴി

ബോളിവുഡ് സിനിമാ ലോകത്തിനെ പിടിച്ചു കുലുക്കാന്‍ പറ്റുന്ന തരത്തില്‍ മാറുകയാണ്. സുശാന്ത് സിംഗിന്റെ മരണവും തുടര്‍ സംഭവങ്ങളും. മയക്കു മരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തി ബോളിവുഡിലെ 25 ഉന്നത സെലിബ്രിറ്റികളുടെ പേര് വെളിപ്പെടുത്തിയതായി സൂചന. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മയക്കു മരുന്ന് ഉപയോഗിക്കുന്ന ബോളിവുഡിലെ എ, ബി, സി കാറ്റഗറിയിലുള്ള താരങ്ങളുടെ പേരുകളാണ് റിയ വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.

റിയയും സഹോദരന്‍ ഷോവിക്കും വെളിപ്പെടുത്തിയ ‘ബോളിവുഡിലെ ഉന്നത സെലിബ്രിറ്റികളെ’ എന്‍സിബി ഉടന്‍തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇവരുടെ പട്ടിക തയാറാക്കി എന്‍സിബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചിരിക്കുകയാണെന്നും ഇവര്‍ക്ക് ഉടന്‍ തന്നെ സമന്‍സ് നല്‍കുമെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. മറ്റൊരു ലഹരിമരുന്ന് ഇടപാടുകാരനില്‍ നിന്നു ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധിച്ചതില്‍നിന്ന് റിയയുടെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് റിയയെ ചോദ്യം ചെയ്തത്. സുശാന്തിന്റെ സിനിമയുടെ സെറ്റില്‍വെച്ച് മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായി റിയ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുശാന്തിന്റെ സഹതാരങ്ങളെയും ചോദ്യം ചെയ്യും. കഞ്ചാവ് മാത്രമല്ല, അതിമാരക ലഹരിമരുന്നുകളും താന്‍ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. പല പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും നടി സമ്മതിച്ചു.

മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് നടി റിയ ചക്രവര്‍ത്തിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി,സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത്, സുശാന്തിന്റെ വീടിന്റെ മാനേജര്‍ സാമുവല്‍ മിരാന്‍ഡ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.