സുശാന്തിന്റെ മരണം ; കാമുകി റിയ അറസ്റ്റില്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നുദിവസമായി നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.

ഇന്ന് രാവിലെ 10.30 ഓടെയാണ് റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു. എന്‍സിബി കസ്റ്റഡിയില്‍ കഴിയുന്ന റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, നടന്റെ മുന്‍ മാനേജര്‍ സാമുവേല്‍ മിരാന്റ, വീട്ടു ജോലിക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെ ഇന്ന് വീണ്ടും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി നടിയെ മുംബൈയിലെ സയന്‍ ആശുപത്രിയില്‍ ഹാജരാക്കി.

വൈകുന്നേരം റിമാന്‍ഡിനായി മജിസ്‌ട്രേറ്റിന് മുമ്പില്‍ നടിയെ ഹാജരാക്കും. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിയ ചക്രവര്‍ത്തി നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. താനുമായി ബന്ധത്തിലാകുന്നതിനു മുമ്പ് തന്നെ സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിയ നേരത്തെ എന്‍ സി ബിക്ക് മൊഴി നല്‍കിയിരുന്നു.

അതേസമയം, ചോദ്യം ചെയ്യലില്‍ സുശാന്തിനൊപ്പം താന്‍ മയക്കുമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നുവെന്ന് റിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സുശാന്തിന് വേണ്ടി സഹോദരന്‍ ഷോവികിന്റെ സഹായത്തോടെ ആയിരുന്നു താന്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കിയിരുന്നതെന്നും റിയ സമ്മതിച്ചിരുന്നു. ഷോവികിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, മുംബൈയില്‍ വച്ച് എന്‍ സി ബി അറസ്റ്റ് ചെയ്ത ലഹരിമരുന്ന ഇടപാടുകാരന്‍ സയിദ് വിലത്രയ്ക്ക് റിയയുടെ സഹോദരന്‍ ഷോവിക്കുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.